വിവാഹം. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി പുതിയ ഒരു ജീവിതത്തിലേയ്ക്ക് ചുവട് വയ്ക്കുന്ന മനോഹരമായ ദിനം, മുബൈ സ്വദേശിയായ ഒരു യുവതി തന്‍റെ കല്യാണത്തിന് മുന്നോടിയായി കൊല്ലത്തുള്ള ജൂലൈ ഫ്ലേറല്‍സ് എന്ന ഷോപ്പില്‍ ബൊക്ക ഓര്‍ഡര്‍ കൊടുക്കുന്നു. മീനു മറിയം എന്ന യുവ സംരഭക തനിക്ക് കിട്ടിയ ഓര്‍ഡര്‍ മനോഹരമായി പൂര്‍ത്തിയാക്കി മുബൈയിലേയ്ക്ക് അയക്കുന്നു.
ചേച്ചി ‘ബൊക്ക’ കിട്ടുമോ, അപ്രതീക്ഷിത ഫോണ്‍കോള്‍
പതിവ് തിരിക്കുകളിലേയ്ക്ക് കടന്ന മീനുവിന് മുംബൈയില്‍ നിന്ന് കസ്റ്റമറിന്‍റെ ഫോണ്‍ വരുന്നു, താന്‍ അയച്ച ബൊക്ക കിട്ടിക്കാണും അതിനെ പറ്റി സംസാരിക്കാന്‍ വിളിക്കുന്നതാവും എന്ന് കരുതി മീനു ചാടി ഫോണ്‍ എടുക്കുന്നു. ചേച്ചീ കല്യാണം നാളെയാ, ‘ബൊക്ക’ കിട്ടുമോ എന്നായിരുന്നു ചോദ്യം. ഉടന്‍ തന്നെ മീനു താന്‍ അയച്ച പ്രൊഡക്റ്റ് ട്രാക്ക് ചെയ്ത് നോക്കുന്നു, അത് എവിടെ എത്തിയെന്നു പോലും വിവരമില്ല, ഫോണിന്‍റെ മറുവശത്ത് കല്യാണത്തിന് ആഗ്രഹിച്ച് ബൊക്ക ഓര്‍ഡര്‍ ചെയ്ത പെണ്‍കുട്ടിയുടെ സങ്കടം
അതിവേഗം, താണ്ടിയത് 1,654 കിലോമീറ്റര്‍
പെണ്‍കുട്ടിയോട് മീനു പറഞ്ഞു‘ മോളെ നാളെ കല്യാണത്തിന് മുന്‍പ് നീ ഓര്‍ഡര്‍ ചെയ്ത ബൊക്ക കിട്ടും’, ക്ലോക്കിലേയ്ക്ക് നോക്കിയ മീനു ഒന്ന് ആശങ്കപ്പെട്ടു. തന്‍റെ മുന്നില്‍ സമയമൊട്ടുമില്ല. എത്രയും പെട്ടന്ന് ഒരു ബൊക്ക സെറ്റാക്കണം, കാര്യം ഭര്‍ത്താവിനോട് പറഞ്ഞു, ‘ നീ പണി തുടങ്ങ് മീനു, ആ കുട്ടി ആഗ്രഹിച്ച സമയത്ത് അവിടെ സാധനം കിട്ടും’ ഭര്‍ത്താവ് സമോദ് ഉടനെ മുബൈയ്ക്കുള്ള ഫ്ലൈറ്റ് നോക്കി
കൊല്ലം– കൊച്ചി –മുംബൈ ഓട്ടത്തോട് ഓട്ടം
മണിക്കൂറുകളുടെ പ്രയത്നം വീണ്ടും ഓര്‍ഡര്‍ ചെയ്ത രീതിയില്‍ ആ പെണ്‍കുട്ടിയുടെ ആഗ്രഹത്തിനൊത്ത് മീനു ബൊക്ക ശരിയാക്കുന്നു, കൊല്ലത്ത് നിന്ന് നേരെ കൊച്ചി എയര്‍പോര്‍ട്ടിലേയ്ക്ക് വരുന്നു, അവിടെ നിന്ന് മുംബൈയ്ക്ക്. അവിടെ മീനുവിനെയും കാത്ത് ആ പെണ്‍കുട്ടി ഇരിപ്പുണ്ടായിരുന്നു. തന്‍റെ കല്യാണത്തിന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച ബൊക്ക കിട്ടിയ സന്തോഷത്തില്‍ ആ പെണ്‍കുട്ടി മീനുവിനെ കെട്ടിപ്പുണര്‍ന്നു. സംഭവ കഥകള്‍ വിവരിച്ച് മീനു ഇന്‍സ്റ്റയില്‍ ഇട്ട വീഡിയോകള്‍ ഇതിനോടകം വൈറലാണ്, ‘ഒരു ബൊക്കയിലൊക്കെ എന്തേലും കാര്യമുണ്ടോ?’ എന്ന് ചോദിച്ചാല്‍ മീനു പറയും ഒരാളുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്നതോളം സന്തോഷം മറ്റെന്തിനാണ് മാഷെ.. ഒരു ചിരിയില്‍ പുണരുന്ന ഹൃദ്യമായ നിമിഷങ്ങള്‍.