രാത്രിയിലെ മരംകോച്ചുന്ന തണുപ്പിലും ചെണ്ട പരിശീലനം ലഹരിയാക്കി മാറ്റുന്ന വയനാട്ടിലെ ഒരുകൂട്ടം ചെറുപ്പക്കാരെ പരിചയപ്പെടാം. താളത്തിൻ്റെ പര്യായമായി മാറുന്ന പുൽപ്പള്ളിയിലെ പാളക്കൊല്ലി ഉന്നതി. ഒട്ടേറെ പരാധീനതകൾ മറികടന്നാണ് ഈ ഗോത്രവിഭാഗം യുവാക്കളുടെ പ്രയത്നം.
തണുത്ത് വിറയ്ക്കുകയാണ് വയനാട്ടിലെ ഡിസംബർ രാത്രികൾ. ഇതൊന്നും വകവയ്ക്കാതെ കിലോമീറ്ററുകൾ നടന്ന് ചെറുപ്പക്കാർ പാളക്കൊല്ലിയിലെ ഈ ഉന്നതിയിൽ ഒത്തുകൂടുന്നതിന് ഒരൊറ്റ ലക്ഷ്യമേയുള്ളൂ. മറ്റ് ലഹരിവലകൾ ചെറുപ്പക്കാരെ പിടിമുറുകുന്ന ഇക്കാലത്ത് താളമാണ് ഇവരുടെ ലഹരി. പണിയ, കാട്ടുനായ്ക വിഭാഗത്തിൽപെട്ട മുപ്പത് പേർ നാല് മാസത്തോളമായി കഠിന പരിശീനത്തിലാണ്. കാട്ടുനാരകത്തിൻ്റെ കോല് കൊണ്ട് മരത്തിലും കല്ലിലും കൊട്ടിയാണ് പഠനം.
നാസിക്ഡോളിൽ കഴിവ് തെളിയിച്ച ഇവർ ചെണ്ട അരങ്ങേറ്റത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ്. ഇവരുടെ ഇടയിൽ തന്നെയുളള സിവിൽ പൊലീസ് ഓഫിസറായ എ.എസ്. സജിനാണ് ആശാൻ. അരങ്ങേറ്റത്തിന് പക്ഷേ ഇവർക്ക് സ്വന്തമായി ചെണ്ടയില്ല. വാടകയ്ക്ക് എടുക്കണം. ചെണ്ട സ്പോൺസർ ചെയ്യാൻ മനസുളള ആളുകൾ തേടിവരുമെന്ന് ഇവർക്ക് പ്രതീക്ഷയുണ്ട്. പ്രതിസന്ധികൾക്ക് ഇടയിലും കൊട്ടിക്കയറുന്ന ഈ താളം പുൽപ്പള്ളിയുടെ വികാരമായി മാറുകയാണ്