വൃശ്ചിക–ധനു മാസക്കുളിരിലെ ശബരിമല ദര്‍ശനം ഒരു പ്രത്യേക അനുഭൂതിയാണ്. സന്നിധാനത്ത് കാറ്റത്ത് ആടിപ്പറക്കുന്ന ഇലകള്‍ക്ക് പോലും സംഗീതമുണ്ട്. അത് അനുഭവിച്ച് അറിയുക തന്നെ വേണം. ഹരിഹര പുത്രന്‍റെ ഉണര്‍ത്ത് പാട്ട് മുതല്‍ ഉറക്കു പാട്ട് വരെ... ഭക്തി സാന്ദ്രമാണ് ആ അനുഭവം.
ജയവിജയന്മാരുടെ ഈ സംഗീതത്തിൽ സന്നിധാനം ഇവിടെ ഉണരുകയാണ്.... അങ്ങനെ ആ അഭൌമ തേജസ്സിന്റെ പ്രഭാവം ഓരോ ഭക്തനിലേക്കും ലയിക്കുന്നു. പുലർച്ചെ സൂര്യൻ ഉണരും മുൻപ്... അയ്യനുണരും. കാതിൽ മുഴുക്കെ ശരണമന്ത്ര ഘോഷമായി... അവിടെ ഈ സുപ്രഭാതം മനസിനെ അങ്ങനെ വല്ലാതെ തൊട്ടുണർത്തും. നടതുറന്നാൽ 18 മലകളുടെ പൊരുളും സന്നിധാനത്ത് സംഗമിക്കും, പിന്നീട് സംഗീത സാന്ദ്രമാണ് ഇവിടം. ഒരിക്കൽ വന്നാൽ വീണ്ടും വീണ്ടും വരാൻ തോന്നിപ്പിക്കുന്ന ഇടം. ജാതി-മത ചിന്തകൾക്ക് അപ്പുറത്ത് മനുഷ്യനിലെ ദൈവത്തെ കണ്ടെത്താൻ പഠിപ്പിച്ച ഇടം. അതാണ് ഓരോ ഭക്തനും ശബരിമല.
അയ്യപ്പന്‍റെ രൂപഭാവങ്ങളെ വര്‍ണിച്ച് മധ്യമാവതി രാഗത്തിലെ ഹരിവരാസനത്തോടെ സന്നിധാനം മറ്റൊരു ഗതിയിലേക്ക് നീങ്ങും. തൊഴുത് മടങ്ങുമ്പോൾ ആലപ്പി രംഗനാഥിന്റെ വരികളിൽ പിറന്ന ദാസേട്ടൻ കോംബോ നമ്മളെ ഒന്ന് പിന്നോട്ട് വലിക്കും.