Image: Social Media

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ലൈംഗികാതിക്രമ കേസിലെ അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ച രാഹുല്‍ ഈശ്വര്‍ ‘വീണ്ടും ജയിലിലേക്ക്’. ജയില്‍ നിവാസികള്‍ക്ക് ക്രിസ്മസ് നക്ഷത്രം ഉള്‍പ്പെടെ ‘സമ്മാനങ്ങളു’മായാണ് പൂജപ്പുര സെൻട്രൽ ജയിലില്‍ എത്തിയത്. ഒപ്പം വ്ലോഗര്‍ മുകേഷ് എം. നായരുമുണ്ടായിരുന്നു. പക്ഷേ ഇരുവരെയും അധികൃതര്‍ ‘സമ്മാനങ്ങള്‍’ കൈമാറാന്‍ അനുവദിച്ചില്ല. പിന്നാലെയാണ് ജയിലിന് മുന്‍പില്‍ നിന്ന് ഇരുവരും ചേര്‍ന്ന് വിഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്തത്. ‘രാഹുല്‍ വീണ്ടും ജയിലില്‍’ എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചത്.

താന്‍ കിടന്ന സെല്ലിലെ അന്തേവാസികള്‍ക്ക് താനും മുകേഷും കൂടെ ക്രിസ്മസ് നക്ഷത്രങ്ങളും ക്രിസ്മസ് തൊപ്പിയും എല്ലാം വാങ്ങിച്ചാണ് വന്നതെന്ന് രാഹുല്‍ പറയുന്നുണ്ട്. ‘ദൗർഭാഗ്യകരം എന്ന് പറയട്ടെ ജയിൽ അധികൃതർ അവ കൈമാറാന്‍ അനുവദിച്ചില്ല. അതിന് നിയമപരമായി യാതൊരു പ്രശ്നവുമില്ല. നിയമപരമായിട്ട് കൊടുക്കാനുള്ള അവകാശവുമുണ്ട്, ഓപ്ഷനുമുണ്ട്. പക്ഷേ എന്തുകൊണ്ടാണ് അനുവദിക്കാത്തത് എന്നറിയില്ല’ രാഹുല്‍ പറയുന്നു. ‘ജയിലില്‍ നിന്ന് ഇറങ്ങുമ്പോള്‍ സെല്ലിലുണ്ടായിരുന്ന രണ്ട് പേര്‍ ചോദിച്ചു ക്രിസ്മസ് സ്റ്റാറും മറ്റും മേടിച്ചു തരാമോ എന്ന്. ഞാൻ ഉറപ്പായിട്ടും വാങ്ങി തരാം എന്ന് പറഞ്ഞു. വിശുദ്ധ അവസരങ്ങൾ എല്ലാവര്‍ക്കും ആഘോഷിക്കാൻ ഉള്ളതാണ്. അതുകൊണ്ടാണ് ഇത് കൊണ്ടുവന്നത്’ രാഹുല്‍ പറയുന്നു.

രാഹുലിനെ അനുവദിക്കാതിരിക്കാം പക്ഷേ എന്തുകൊണ്ട് തന്നെ അനുവദിക്കുന്നില്ല എന്ന് മുകേഷും ചോദിക്കുന്നുണ്ട്. തങ്ങളുടെ അഭിഭാഷകനോട് ചോദിച്ചിട്ട് ഇത് അവരില്‍ എത്തിക്കാന്‍ ശ്രമിക്കുമെന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. ‘ഈ ജയിലിനുള്ളിൽ ഒരുപാട് നിരപരാധികൾ ഉണ്ട്. ഒരുപാട് പാവപ്പെട്ടവർ ഉണ്ട്. അവർക്കും ജീവിതം ഉണ്ട്. അത് തിരിച്ചറിഞ്ഞ് വേണം ഇത്തരം കാര്യങ്ങൾ ചെയ്യാൻ എന്ന് ജയിലധികൃതരോട് താഴ്മയായി അപേക്ഷിക്കുന്നു’ രാഹുല്‍ പറഞ്ഞു. 

വിഡിയോക്ക് താഴെ കമന്‍റുകളുമായി നെറ്റിസണ്‍സും എത്തിയിട്ടുണ്ട്, ‘അത് ജയിൽ അല്ലേ, ഇത് വല്ല വൃദ്ധ സദനത്തിലോ അനാഥാലയങ്ങളിലോ കൊടുക്കുന്നത് അല്ലേ നല്ലത് എന്നാണ് ഒരാള്‍ കുറിച്ചത്. ‘അകത്ത് കിടക്കുന്നവര്‍ നന്മമരങ്ങളല്ല, അര്‍ഹതപ്പെട്ടവര്‍ക്ക് കൊടുക്കണം, ജയിലിന്റെ പുറത്ത് എത്ര പാവങ്ങൾ ഉണ്ട് അവർക്ക് കൊടുത്തൂടെ? അവർക്കല്ലേ കൊടുക്കേണ്ടത് എന്നിങ്ങനെ നീളുന്നു വിഡിയോക്ക് താഴെയുള്ള കമന്‍റുകള്‍.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ലൈംഗികാതിക്രമ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ 16 ദിവസത്തിന് ശേഷം ഡിസംബര്‍ 15 നായിരുന്നു രാഹുല്‍ ഈശ്വറിന് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജയില്‍ മോചിതനായ രാഹുലിനെ ‘മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍’ പൂമാലയിട്ടാണ് സ്വീകരിച്ചത്.

ENGLISH SUMMARY:

Recently released on bail, activist Rahul Easwar visited Poojappura Central Jail with YouTuber Mukesh M. Nair to distribute Christmas stars and hats to inmates. However, jail authorities denied them permission to hand over the gifts. Rahul posted a video titled 'Rahul Back in Jail,' criticizing the decision. The activist was previously arrested for allegedly insulting a survivor in a sexual assault case involving MLA Rahul Mamkootathil.