സിനിമയിലും ജീവിതത്തിലും എന്നും ശ്രീനിവാസന്റെ താങ്ങും തണലുമായിരുന്നു ഭാര്യ വിമല.കണ്ണൂരിലെ കതിരൂരിലെ രജിസ്റ്റർ ഓഫീസിൽവെച്ച് 1984 ജനുവരി 13-നായിരുന്നു ഇരുവരുടേയും വിവാഹം. ഒരു സിനിമാക്കഥ പോലെ തന്നെയായിരുന്നു ആ വിവാഹം. ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും ഒരു മുസ്ലിം തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി എന്നാണ് വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോൾ ശ്രീനിവാസൻ പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിരുന്നത്. ആ വിവാഹത്തിന് സഹായിച്ചത് മമ്മൂട്ടിയും ഇന്നസെന്റുമായിരുന്നു. അതായിരുന്നു ശ്രീനിവാസൻ അങ്ങനെ പറയാൻ കാരണം.
അധ്യാപകനായി ജോലി ചെയ്തിരുന്ന സമയത്താണ് ശ്രീനിവാസൻ വിമലയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ഡിഗ്രി പഠനത്തിനുശേഷം വരുമാനത്തിനായി ഒരു ട്യൂട്ടോറിയൽ കോളേജിലാണ് ശ്രീനിവാസൻ പഠിപ്പിച്ചിരുന്നത്. വീട്ടിൽ നിന്ന് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അദ്ദേഹം വിമലയെ കാണുന്നത്. അന്ന് നിർമലഗിരി കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുകയായിരുന്നു വിമല.എന്നും വിമലയെ കാണുമ്പോൾ 'ബസിന്റെ സമയം എപ്പോഴാണ്?'., പഠനം എങ്ങനെ പോകുന്നു? എന്നെല്ലാം ശ്രീനിവാസൻ ചോദിക്കും. ഒറ്റവാക്കിലായിരിക്കും വിമലയുടെ ഉത്തരം. പിന്നീട് ആ കൂടിക്കാഴ്ച്ച പ്രണയത്തിലേക്ക് വളർന്നു. എന്നാൽ വീട്ടിലെ സാഹചര്യംകൊണ്ട് വിവാഹം എന്നതിനെ കുറിച്ച് ശ്രീനിവാസന് ചിന്തിക്കാനാകുമായിരുന്നില്ല.
'ഒരു കഥ ഒരു നുണക്കഥ' എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടന്നത്. അന്ന് ആ ചിത്രത്തിന്റെ നിർമാതാവ് കൂടിയായിരുന്ന നടൻ ഇന്നസെന്റിന്റെ കൈയിൽ നിന്ന് 400 രൂപ വാങ്ങി. അതായിരുന്നു ആകെയുണ്ടായിരുന്ന സമ്പാദ്യം. വിമലയ്ക്കുവേണ്ട സാരിയും മറ്റും വാങ്ങിയത് ആ പൈസ കൊണ്ടാണ്. എന്നാൽ വിവാഹത്തിന് സ്വർണമാലയും താലിയും വേണമെന്ന് അമ്മ പറഞ്ഞതോടെ എന്തുചെയ്യും എന്നറിയാത്ത അവസ്ഥയിലായി അദ്ദേഹം.
ആ സമയത്താണ് കണ്ണൂരിൽ മമ്മൂട്ടി നായകനാകുന്ന 'അതിരാത്രം' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നത് ശ്രീനിവാസൻ അറിഞ്ഞത്. മമ്മൂട്ടി താമസിച്ചിരുന്ന ഹോട്ടലിലെത്തി 'നാളെ എന്റെ വിവാഹമാണ്. എനിക്കൊരു രണ്ടായിരം രൂപ വേണം' എന്ന് ശ്രീനിവാസൻ മമ്മൂട്ടിയോട് പറഞ്ഞു. ആരേയും വിളിക്കുന്നില്ലെന്നും രജിസ്റ്റർ വിവാഹമാണെന്നും അറിയിച്ചു.ഉടനെ മമ്മൂട്ടി 2000 രൂപ എടുത്തുകൊടുത്തു. എന്നിട്ട് കല്യാണത്തിന് വരുമെന്നും പറഞ്ഞു. 'അങ്ങനെ വരരുത്, വിവാഹം മുടങ്ങും' എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. അങ്ങനെ മമ്മൂട്ടി കൊടുത്ത പണം കൊണ്ട് താലി വാങ്ങി വിമലയെ ശ്രീനിവാസൻ ജീവിതത്തിലേക്ക് കൂട്ടി.