വിനീത് ശ്രീനിവാസന്‍ ഫാന്‍ പേജില്‍ പങ്കുവയ്ക്കപ്പെട്ട എഐ ചിത്രത്തിനു രൂക്ഷ വിമര്‍ശനം. 2026ലെ ഏറ്റവും വലിയ കോമഡിയെന്നാണ് ഉപയോക്താക്കള്‍ കമന്റ് ചെയ്യുന്നത്. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ചേര്‍ന്നുനില്‍ക്കുന്ന ഫോട്ടോയുടെ മുന്‍പിലായി നിവിന്‍ പോളിയും അഖില്‍ സത്യനും അജു വര്‍ഗീസും നില്‍ക്കുന്ന ചിത്രത്തിനെതിരെയാണ് വിമര്‍ശനം.
‘ഇത് ഒരിക്കലും ഒരു കമ്പാരിസൺ അല്ല, സൗഹൃദത്തിന്റെ കണ്ണിൽ കൂടി മാത്രം കാണാൻ ശ്രമിക്കുക’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം വിനീത് പങ്കുവച്ചതെങ്കിലും സിനിമാ ആസ്വാദകര്‍ക്ക് അതൊട്ടും ദഹിച്ചില്ലെന്നുവേണം മനസിലാക്കാന്‍. ശ്രീനിവാസനെ അജുവുമായി എങ്ങനെ താരതമ്യം െചയ്യുമെന്നതാണ് കൂടുതല്‍ പേരുടേയും ചോദ്യം. താരതമ്യം ചെയ്യാനല്ലായിരുന്നെങ്കില്‍ പിന്നെന്തിനാണ് രണ്ട് ചിത്രങ്ങളും ഒന്നിച്ചു പോസ്റ്റ് ചെയ്തതെന്നും ചോദിക്കുന്നു ഒരാള്‍.
ഈ മൂന്നുപേരിലും താരതമ്യം നടക്കില്ലെന്നും ലാലേട്ടനും സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒരുപാടൊരുപാട് മുകളില്‍ നില്‍ക്കുന്നവര്‍ എന്നുമാണ് മിക്കവരും പറയുന്നത്. മൂര്‍ഖനും ഞാഞ്ഞൂലും തമ്മിലുള്ള വ്യത്യാസമാണിതെന്നും ശ്രീനിവാസനും മോഹന്‍ലാലിനും പകരം വയ്ക്കാന്‍ പറ്റിയ മൊതലുകള്‍ എന്നുവരെയുണ്ട് പ്രതികരണങ്ങള്‍. ലെജന്റ്സ് ആയ മൂന്നുപേരെ ഈ രീതിയില്‍ താരതമ്യം ചെയ്യാന്‍ കാണിച്ച തൊലിക്കട്ടി അപാരമെന്നും ചിലര്‍ പറയുന്നു. സൗഹൃദത്തിന്റെ കണ്ണിലൂടെ വേണമെങ്കില്‍ നോക്കാം, പക്ഷേ താരതമ്യമാണ് ഉദ്ദേശിച്ചതെങ്കില്‍ വിനീതിനെ നാട്ടുകാര്‍ ഓടിച്ചിട്ട് കമ്പിപ്പാര വച്ചടിക്കുമെന്നുവരെ പ്രതികരിക്കുന്നുണ്ട് ചിലര്‍.