കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിലേക്ക് ഒഴുകിയെത്തി ലോകം. ആദ്യവാരം വിദേശ സഞ്ചാരികൾ അടക്കം പതിനായിരങ്ങൾ ബിനാലെ കണ്ടു മടങ്ങി. ഫോർ ദി ടൈം ബീയിങ് എന്ന ഇത്തവണത്തെ പ്രമേയത്തിന് കലാസ്വാദകരുടെ നിറഞ്ഞ കയ്യടി.
ലോകത്തിന്റെ ഒരു ചെറുപതിപ്പിതാ ഫോർട്ട് കൊച്ചിയിലെ ആസ്പിൻ വാളിൽ. വിദേശരാജ്യങ്ങളിൽ നിന്ന് എത്തിയവരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരും. കൂട്ടത്തിൽ വിദ്യാർഥികൾ മുതൽ വിഖ്യാത കലാകാരന്മാർ വരെ.
മാർച്ച് 31 വരെ ഈ മണ്ണിൽ ചർച്ച കലയെ കുറിച്ച് മാത്രം. ക്രിസ്മസ് അവധി ദിനങ്ങളിൽ തിരക്കിനിയുമേറും. നിഖിൽ ചോപ്രയാണ് ബിനാലെ ആറാം പതിപ്പിൻ്റെ ക്യൂറേറ്റർ. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, ദർബാർ ഹാൾ, വില്ലിങ്ടൺ ഐലൻഡ് എന്ന് തുടങ്ങി 22 ഇടങ്ങൾ. വേദികളിലും ഓൺലൈനായും ടിക്കറ്റ് എടുക്കാം. മുതിർന്നവർക്ക് 200 രൂപയും 60 വയസ്സ് കഴിഞ്ഞവർക്കും വിദ്യാർഥികൾക്കും 100 രൂപയും ആണ് പ്രവേശന ഫീസ്.