വീട്ടില്‍ എത്ര വഴക്കിട്ടാലും തന്‍റെ കൂടെപ്പിറപ്പിന് ഒരു പ്രശ്നം വന്നാല്‍ ആദ്യം ചാടിയിറങ്ങുന്നത് സഹോദരങ്ങളായിരിക്കും. അത്തരത്തില്‍ ജ്യേഷ്ഠാനുജന്മാർക്കിടയിലെ ആത്മബന്ധത്തെ വെളിപ്പെടുത്തുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ജീവൻ പണയം വെച്ച് സ്വന്തം സഹോദരനെ രക്ഷിച്ചെടുത്ത ഒരു കൊച്ചു മിടുക്കന്‍റെ വീഡിയോ ആണ് വൈറല്‍. സൈക്കിൾ സവാരിക്കിടെ അപകടത്തിൽപ്പെട്ട അനിയനെ സ്വന്തം ജീവൻ പണയപ്പെടുത്തി ജ്യേഷ്ഠൻ രക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങളാണിത്.
ഡിസംബർ 11-ാം തിയതി വീടിന് സമീപത്തെ സിസിടിവി ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. കുന്നിൻ ചെരിവിനോട് ചേർന്നുള്ള വീട്ടുമുറ്റത്ത് കൂടി സൈക്കിൾ ചവിട്ടുകയായിരുന്നു രണ്ട് സഹോദരങ്ങൾ. ഇതിനിടയിൽ പെട്ടെന്ന് ഇളയ സഹോദരൻ സൈക്കിളിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്‍റെ അരികിലേക്ക് അപകടകരമായി വഴുതി വീണു. നിമിഷനേരം കൊണ്ട് അവിടെ നിന്നും റോഡരികിലെ ആഴമേറിയ കുഴിയിലേക്ക് സൈക്കിളും കുട്ടിയും പതിക്കുന്നു. ഇതു കണ്ടതോടെ ഒരു നിമിഷം പോലും വൈകാതെ ജ്യേഷ്ഠൻ രക്ഷാപ്രവർത്തനത്തിന് ചാടി ഇറങ്ങി.
ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെ, അനിയനെ പിടിച്ചുയർത്താനായി ആ കുഴിയിലേക്ക് അവനും ചാടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. പിന്നാലെ അയൽക്കാര്‍ ഓടിയെത്തുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.