പിണറായിയിൽ പൊട്ടിയത് ബോംബല്ലെന്നും ക്രിസ്മസ്, പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നിർമിച്ച പടക്കമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ. പിണറായി വെണ്ടുട്ടായിയിൽ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്ന സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
‘നാട്ടിൻ പുറങ്ങളിൽ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഓലപ്പടക്കങ്ങളും കെട്ടുപടക്കങ്ങളും ഉണ്ടാക്കാറുണ്ട്. ചരടുകൊണ്ട് കെട്ടിയുണ്ടാക്കുന്ന പടക്കത്തിന്റെ കെട്ട് അൽപ്പം മുറുകിപോയാൽ സ്ഫോടനമുണ്ടാകാം. അനുഭവസ്ഥരല്ലെങ്കിൽ അപകടമുണ്ടാകും. അങ്ങനെയുണ്ടായ അപകടമാണ് പിണറായിയിലേത്. അതിനെ ബോംബ് സ്ഫോടനമായും അക്രമത്തിനുള്ള തയാറെടുപ്പായും വ്യാഖ്യാനിച്ച് സമാധാന അന്തരീക്ഷത്തെ തകർക്കർക്കരുത്. കണ്ണൂരിലെ ഇന്നത്തെ സമാധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് സിപിഎം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്’ ജയരാജൻ പറഞ്ഞു.
പിണറായിയിൽ പൊട്ടിയത് പടക്കമെന്നാണ് പൊലീസ് എഫ്ഐആർ. പടക്കം പൊട്ടിയതിന്റെ അവശിഷ്ടങ്ങളും രക്തത്തുള്ളികളും കണ്ടെത്തിയെന്നും എഫ്ഐആറിൽ പറയുന്നു. സിപിഎം പ്രവർത്തകനായ കനാൽകര സ്നേഹാലയത്തിൽ വിബിൻ രാജിന്റെ വലതു കൈപ്പത്തിയാണ് ഇന്നലെ ഉച്ചതിരിഞ്ഞുണ്ടായ സ്ഫോടനത്തിൽ ചിതറിയത്. ഓലപ്പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിബിൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ റീൽസ് എടുക്കുന്നതിനിടെ സ്ഫോടനം നടന്നുവെന്നാണ് ലഭിക്കുന്ന വിവരം