പെരിയാറിൽ മുങ്ങിത്താഴ്ന്ന രണ്ടര വയസുകാരന് രക്ഷകനായി പതിനേഴുകാരൻ. പെരുമ്പാവൂർ ചേലാമറ്റം സ്വദേശി അപ്പു എന്ന അനശ്വർ ആണ് ഈ രക്ഷകൻ.
തിങ്കളാഴ്ച വൈകിട്ട് ചേലാമറ്റം ക്ഷേത്രക്കടവിൽ അപ്പുവും അമ്മ സിന്ധുവും കുളിക്കാൻ എത്തിയതാണ്. പുഴയിലൂടെ എന്തോ മുങ്ങിപ്പൊങ്ങുന്നത് കണ്ട് ഇരുവരും ഞെട്ടി. അനശ്വർ എടുത്തു ചാടി നീന്തി. മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന രണ്ടര വയസ്സുകാരനെയും എടുത്ത് നേരെ കരയിൽ എത്തി. ഇതിനിടെ കടവിൽ ഓടിയെത്തിയ രണ്ടുപേർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. കുട്ടി അപകടനില തരണം ചെയ്തു.
അനശ്വർ രക്ഷപ്പെടുത്തിയ അക്ഷയ് ചികിൽസയിലാണ്. കളിക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണത് വീട്ടുകാർ കണ്ടിരുന്നില്ല. അവിടെയാണ് അനശ്വർ രക്ഷകനായത്. മകന്റെ പ്രവൃത്തിയിൽ അമ്മയ്ക്കും അഭിമാനം. ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയായ അനശ്വറിന് നാട്ടുകാരുടെ അഭിനന്ദനം.