എംസി റോഡിൽ വാഹനം തട്ടിയതിന്‍റെ പേരില്‍ പരാക്രമം കാട്ടിയ യുവാവിനെ പിന്തുണച്ച് മനോരമ ന്യൂസിന്റെ റീലിന് താഴെ കമന്റുമായി ഡോ. ഹാരിസ് ചിറക്കൽ. പന്തളം കൂരമ്പാലയിൽ നടന്ന സംഭവത്തിലാണ് യുവാവിന് അനുകൂലിച്ച് അദ്ദേഹം രംഗത്തെത്തിയത്. ഓട്ടോ റിക്ഷയിൽ ബൈക്ക് തട്ടിയതാണ് തർക്കത്തിന് കാരണമെന്നാണ് വിവരം.
'പുലി, ആൺസിംഹം, സൂപ്പർ.. അവന്റെ പക്ഷം ശെരിയായിരിക്കും. അതാണ് അവനിത്ര വാശി'. - ഇങ്ങനെയാണ് ഡോ. ഹാരിസ് ചിറക്കലിന്റെ കമന്റ്. അദ്ദേഹം മാത്രമല്ല, ഈ വിഡിയോക്ക് താഴെ വരുന്ന കമന്റുകളിൽ ഭൂരിഭാഗവും യുവാവിനെ പിന്തുണച്ചുകൊണ്ടുള്ളതും ഓട്ടോ ഡ്രൈവർമാരെ വിമർശിച്ചുകൊണ്ടുള്ളതുമാണ്.
ആരുടെ ഭാഗത്താണ് ശെരി എന്ന് വ്യക്തമല്ലെങ്കിലും, വിഡിയോയിലെ യുവാവിന്റെ ശരീരഭാഷ നോക്കി അയാളുടെ ഭാഗത്ത് തന്നെയാണ് ന്യായമെന്നാണ് ജനസംസാരം. ചുണക്കുട്ടി, അത്രെയും പേരോട് ഒറ്റക്ക് നിന്ന് പോരാടിയത് അല്ലെ, പൊലീസ് വന്നിട്ടും ധൈര്യത്തോടെ അവനെ അടിക്കാൻ ചെന്നവർക്കും അവൻ കൊടുത്തു, ഒറ്റക്ക് നിന്ന് അവൻ എതിർത്തു, അത്രയും ആളുകളെ ഒറ്റക്ക് നിന്ന് നേരിട്ട അവനാണ് ഹീറോ, എന്തായാലും അവൻ പുലിയാണ് തുടങ്ങി എല്ലാം പോസിറ്റീവ് കമന്റുകളാണ്.
രംഗം വഷളായതോടെ ഹെൽമെറ്റ് ഉപയോഗിച്ച് നാട്ടുകാരേയും ഓട്ടോ ഡ്രൈവറേയും യുവാവ് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
രാഹുൽ എന്ന യുവാവാണ് ആക്രമണം നടത്തിയത്. ഓട്ടോ ഡ്രൈവർ ഹരിക്കും മർദ്ദനമേറ്റു. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൊലീസുകാര്‍ യുവാവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും, അയാള്‍ പിന്മാറാന്‍ തയ്യാറല്ലായിരുന്നു. ഈ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.