മേജര്‍ രവി മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത കര്‍മയോദ്ധയുടെ തിരക്കഥ മോഷ്ടിച്ചത് തന്നെയെന്ന് കോട്ടയം കൊമേഴ്‌സ്യല്‍ കോടതി. മേജര്‍ രവി തിരക്കഥ മോഷ്ടിച്ചുവെന്ന തിരക്കഥാകൃത്ത് റെജി മാത്യുവിന്‍റെ പരാതിയിലാണ് കോടതി ഉത്തരവ്.
വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് റെജി മാത്യുവിന് അനുകൂലമായ വിധി വന്നത്. മേജര്‍ രവി 30 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി റെജി മാത്യുവിന് നല്‍കേണ്ടത്. ഈ കാലയളവില്‍ സിനിമയില്‍ നിന്ന് പോലും മാറി നില്‍ക്കേണ്ട അവസ്ഥ വന്നുവെന്നും റെജി മാത്യു കോടതിയെ ധരിപ്പിച്ചിരുന്നു.
ഇനി സിനിമയില്‍ വീണ്ടും സജീവമാകുമെന്ന് റെജി മാത്യു വിധി വന്ന ശേഷം പ്രതികരിച്ചു. നീണ്ട 13 വർഷത്തെ നിയമ പോരാട്ടത്തിലാണ് റെജി മാത്യുവിന് ആശ്വാസമായി വിധി വന്നത്. കഥ എഴുതിയത് മേജര്‍ രവി ആവശ്യപ്പെട്ട പ്രകാരം തന്നെയാണെന്നും, പക്ഷെ, താന്‍ അറിയാതെ വിശ്വാസ വഞ്ചന കാണിച്ച് തിരക്കഥ മറ്റൊരാള്‍ക്ക് നല്‍കി സിനിമയാക്കി തന്നെ പറ്റിക്കുകയായിരുന്നുവെന്നും റെജി മാത്യു പറയുന്നു.
മേജര്‍ രവി തന്നെയാണ് രചനയും സംവിധാനവും നിര്‍വഹിച്ചത് എന്ന വ്യാജെന 2012ലാണ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി മേജര്‍ രവി കര്‍മയോദ്ധ റിലീസ് ചെയ്തത്.