‘ഒടുവിൽ അത് സംഭവിച്ചു, പതിനാറ് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ദ്രചൂഡൻ പടിയിറങ്ങിയിരിക്കുന്നു, ഇനി രാഹുകാലം’, സൈബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചതോടെ ട്രോൾ പൂരമാണ് സൈബറിടത്ത്. രാഹുൽ ഈശ്വറിനെയും രാഹുൽ മാങ്കൂട്ടത്തിലിനെയും ട്രോളിയാണ് കമന്റുകൾ കൂടുതലും. വല്ലവന്‍റെയും വാക്ക് കേട്ട് ജയിലിൽ പോയവൻ, ഇയാളുടെ വാ അടങ്ങിയിരിക്കില്ലെ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ജയിലിലായി 16 ദിവസത്തിന് ശേഷമാണ് രാഹുലിന് തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. രാഹുൽ മാങ്കൂട്ടത്തിനെതിരായ ബലാത്സംഗക്കേസിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയും അവരെ അധിക്ഷേപിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിടുകയും ചെയ്തതിന്റെ പേരിലായിരുന്നു രാഹുൽ ഈശ്വർ അറസ്റ്റിലായത്.
അന്യായമായാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും ആരോപിച്ച്, പ്രതിഷേധ സൂചകമായി ഒരാഴ്ചയോളം രാഹുൽ ജയിലിൽ നിരാഹാരം കിടന്നിരുന്നു. എന്നാൽ സെഷൻസ് കോടതി തുടർച്ചയായി ജാമ്യം നിഷേധിച്ചതോടെ രാഹുൽ നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു. ആദ്യം ജില്ലാ ജയിലിലായിരുന്ന രാഹുലിനെ പിന്നീട് സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു.
മെൻസ് അസോസിയേഷൻ പ്രവർത്തകരടക്കം വലിയ സ്വീകരണം ജയിലിൽ നിന്ന് പുറത്ത് വന്ന രാഹുലിന് ഒരുക്കിയിരുന്നു. 'ഇലക്ഷൻ കഴിയുന്നത് വരെ എന്നെ അകത്തിടണമായിരുന്നു, പുറത്തുണ്ടെങ്കിൽ സ്വർണ്ണക്കൊള്ളയ്ക്ക് എതിരെ ക്യാംപെയ്ൻ ചെയ്യുമെന്ന് മുഖ്യമന്ത്രിക്കറിയാം' രാഹുൽ ഈശ്വർ പ്രതികരിച്ചു.