ഹിജാബ് ധരിച്ചതിന് വിദ്യാര്‍ഥിനിയെ പുറത്താക്കിയ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ പിടിഎ പ്രസിഡന്റും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ ജോഷി കൈതവളപ്പില്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. കോര്‍പറേഷനിലെ പുതിയ വാര്‍ഡായിരുന്നു ഇത്. ഇവിടെ സി.പി.എമ്മിന്‍റെ വി എ ശ്രീജിത്തിനാണ് വിജയം. 2,438 വോട്ട് വി എ ശ്രീജിത്ത് നേടിയപ്പോള്‍, 1,677 വോട്ട് നേടി കോണ്‍ഗ്രസിന്‍റെ എന്‍ ആര്‍ ശ്രീകുമാര്‍ രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്ത് 194 വോട്ടോടെ വിനീഷ് വിശ്വംഭരനാണ്.170 വോട്ടു മാത്രം നേടി നാലാം സ്ഥാനത്താണ് ജോഷി കൈതവളപ്പില്‍.
ഇതിന് പിന്നാലെ ജോഷി കൈതവളപ്പിയെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ജിന്‍റോ ജോണ്‍. ‘കാസയും തോറ്റു. വർഗ്ഗീയ വിഷം കലക്കാൻ തക്കം പാർത്ത് നടന്ന ചെന്നായ്ക്കൾ നാവ് തൊണ്ടയിൽ കുടുങ്ങി മൗനത്തിലാണ്’ എന്നാണ് ജിന്‍റോ കുറിച്ചിരിക്കുന്നത്.
എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി ഹിജാബ് ധരിച്ചെത്തിയത് വിലക്കിയതിനെ തുടർന്നാണ് വിവാദമായത്. പിന്നാലെ ജോഷി കൈതവളപ്പില്‍ വിദ്വേഷ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഹിജാബ് വിവാദത്തിൽ സ്കൂൾ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിലും നടത്തിയ പ്രസ്താവനകൾ വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.