തന്നിലുള്ള കഴിവ് തിരിച്ചറിഞ്ഞ കാലഘട്ടമാണ് കഴിഞ്ഞു പോയതെന്ന് തിരുവനന്തരപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. കഴിഞ്ഞ ദിവസം നടന്ന തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണസമിതിയുടെ അവസാന കൗണ്‍സില്‍ യോഗത്തിൽ സംസാരിക്കവേയാണ് ആര്യ മനസ് തുറന്നത്.
'എന്നിലെന്ത് കഴിവുണ്ടെന്ന് സ്വയം തിരിച്ചറിഞ്ഞ കാലഘട്ടമാണ് കഴിഞ്ഞ് പോയ 5 വർഷം. സംഘടനാ രംഗത്തെ അനുഭവത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരത്തിന്റെ ചുമതല, വെറും 21 വയസ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയായ എന്നെ പാർട്ടി എന്നെ ഏല്പിച്ചത്. ക്രൈസിസ് വരുമ്പോൾ എങ്ങനെ അതിനോട് പോരാടാം എന്ന് പഠിച്ചത് മേയർ ആയിരുന്ന കാലത്താണ്. എത്ര വേട്ടയാടപ്പെടേണ്ടി വന്നാലും എന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാട് ഞാൻ ഉയർത്തിപ്പിടിക്കുക തന്നെ ചെയ്യും. നിങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ചെറിയ കുട്ടിയെന്ന നിലയിൽ നിങ്ങളുടെ സ്നേഹം എനിക്ക് നൽകിയിട്ടുണ്ട്'. - ആര്യ അവസാന കൗണ്‍സില്‍ യോഗത്തിൽ പറഞ്ഞു.
എന്നാൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ, ആര്യരാജേന്ദ്രനെതിരെ സമൂഹമാധ്യമങ്ങളിൽ വലി സൈബർ ആക്രമണമാണ് നടക്കുന്നത്. 'അധികാരത്തില്‍ തന്നെക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛവും മുകളിലുള്ളവരോ അതിവിനയവും ഉള്‍പ്പടെ കരിയര്‍ ബില്‍ഡിങിനുള്ള കോക്കസാക്കി സ്വന്തം ഓഫിസിനെ മാറ്റിയതാണ് തിരിച്ചടിക്ക് കാരണമെന്ന് വഞ്ചിയൂര്‍ മുന്‍ കൗണ്‍സിലര്‍ ഗായത്രി ബാബു അഭിപ്രായപ്പെട്ടിരുന്നു. ആര്യരാജേന്ദ്രന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ വ്യാപക വിമര്‍ശനമാണ് കമന്‍റുകളായി വരുന്നത്. ബിജെപിയുടെ ഐശ്വര്യം നിങ്ങളാണ്, തോല്‍പ്പിച്ചതിന് നന്ദിയെന്നും ഇനിയെങ്കിലും ഫെയ്സ്ബുക്കില്‍ നിന്ന് ‘മേയര്‍’ പട്ടം മാറ്റണമെന്നും കമന്‍റുകളുണ്ട്.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് കോര്‍പറേഷന്‍ ഭരണത്തില്‍ എന്‍ഡിഎ എത്തുന്നത്. ഫലം വന്ന 50 സീറ്റുകളില്‍ എന്‍ഡിഎ വിജയിച്ചപ്പോള്‍ 29 ലേക്ക് എല്‍ഡിഎഫ് ചുരുങ്ങി. 19 ഇടത്താണ് യുഡിഎഫിന് ജയിക്കാനായത്. രണ്ട് സ്വതന്ത്രരും ജയിച്ചിട്ടുണ്ട്. അതേ സമയം തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് തരംഗം. നാല് കോര്‍പറേഷനുകളില്‍ യുഡിഎഫ് അധികാരത്തിലേക്ക്. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും യുഡിഎഫ് വന്‍ മുന്നേറ്റമുണ്ടാക്കി. ഉറച്ചകോട്ടകളില്‍ എല്‍ഡിഎഫിന് കാലിടറി. സൂക്ഷ്മമായി ജനവിധി പരിശോധിക്കുമെന്നും തിരുത്തേണ്ടതുണ്ടെങ്കില്‍ തിരുത്തുമെന്നുമായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍റെ പ്രതികരണം. ടീം യുഡിഎഫിന്‍റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചു.