മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ വൈദികനും ധ്യാനഗുരുവുമായിരുന്ന കെ.വി ജോസഫ് റമ്പാൻ ( 90 ) അന്തരിച്ചു. പരുമല ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 10 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. പ്രായാധിക്യത്തെ തുടർന്ന് പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ വിശ്രമജീവിതം നയിച്ച് വരികയായിരുന്നു. സംസ്ക്കാരച്ചടങ്ങുകൾ ഞായറാഴ്ച്ച ഉച്ചയ്ക്ക് 3 മണിക്ക് മാതൃഇടവകയായ പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും.
കോട്ടയം പുതുപ്പള്ളിയിൽ പുരാതന ക്രൈസ്തവ കുടുംബമായ കളപ്പുരയ്ക്കൽ ജോസഫ് വർഗീസിന്റെയും മീനടം തെക്കേക്കര അന്നമ്മ വർഗീസിന്റെയും മൂത്തമകനായി 1935 ഏപ്രിൽ 7ന് ജനിച്ചു. പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്ക്കൂളിൽ സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1953-57 കാലഘട്ടത്തിൽ കോട്ടയം ഓർത്തഡോക്സ് വൈദിക സെമിനാരിയിൽ നിന്ന് വൈദിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് കോട്ടയം സി.എം.എസ് കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബി.എ ബിരുദം കരസ്ഥമാക്കി.
പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവാ 1967 ഡിസംബർ 16ന് ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ വെച്ച് ശെമ്മാശ്ശപ്പട്ടവും, അന്നത്തെ കോട്ടയം ഭദ്രാസനധാപിൻ പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ 1970 ജൂലൈ 4ന് പുതുപ്പള്ളി സെന്റ് ജോർജ്ജ് പള്ളിയിൽ വെച്ച് വൈദിക പട്ടവും നൽകി. 2009 ഏപ്രിൽ 15ന് പരുമല സെമിനാരിയിൽ വെച്ച് പരിശുദ്ധ ബസേലിയോസ് ദിദിമോസ് ബാവാ റമ്പാൻ സ്ഥാനം നൽകി.
1951ൽ നടന്ന വിശുദ്ധ മൂറോൻ കൂദാശയിൽ സംബന്ധിക്കുമ്പോൾ പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ ബാവായുടെ മുഖത്തെ ദൈവീക ശോഭ ദർശിച്ച ജോസഫ് എന്ന ബാലൻ ബാവായുടെ ശിഷ്യനായി. വൈദിക സെമിനാരി പഠനം പൂർത്തിയാക്കി 10 വർഷം കഴിഞ്ഞാണ് ശൈമ്മാശ പദവിയിലേക്ക് എത്തുന്നത്. ഇക്കാലയളവിൽ പഴയ സെമിനാരിയുടെ അസി.മാനേജരുടെ ചുമതല വഹിച്ചു. തുടർന്ന് പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെ സെക്രട്ടറിയായി 10 വർഷക്കാലം പ്രവർത്തിച്ചു. തുടർന്ന് ദേവലോകം അരമന മാനേജരായി.
കോട്ടയം ഏലിയാ കത്തീഡ്രൽ വികാരിയായി 10 വർഷം സേവനം അനുഷ്ഠിച്ചു. ഇക്കാലത്ത് 55 അടി വീതിയിലും 80 അടി നീളത്തിലുമായി ഏലിയാ കത്തീഡ്രൽ പുതുക്കി പണിത് കൂദാശയ്ക്ക് നേതൃത്വം നൽകി. കോട്ടയത്തെ പ്രധാനപ്പെട്ട ദേവാലയങ്ങളുടെയെല്ലാം വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
1995 മുതൽ 2006 വരെ കോട്ടയം പഴയ സെമിനാരി മാനേജരായിരുന്നു. 2006 മുതൽ 2020വരെ പരുമല സെമിനാരി അസി. മാനജരായി പ്രവർത്തിച്ചു. 2020 ജൂലൈ 1 മുതൽ പാമ്പാടി ദയറായിലെ ധ്യാനഗുരുവായി നിയമിതനായി.
മലങ്കരസഭയിൽ പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുതൽ നിലവിലെ സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ഉൾപ്പെടെ 7 കാതോലിക്കാബാവാമാർക്കൊപ്പം സഭയുടെ സുപ്രധാന ശുശ്രൂഷകളിൽ പങ്കാളിയായിട്ടുണ്ട്. 1951 മുതൽ നടന്ന 7 മൂറോൻ കൂദാശകളിലും കാതോലിക്കാ ബാവാമാരുടെ സ്ഥാനാരോഹണചടങ്ങുകളിലും പങ്കാളിയായി.
സഭാ മാനേജിംഗ് കമ്മിറ്റി അംഗം, മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ട്രൈബ്യൂണൽ അംഗം, കോട്ടയം ഭദ്രാസന കൗൺസിൽ അംഗം, പാമ്പാടി ദയറാ പള്ളി, പരുമല പള്ളി എന്നിവയുടെ കൺസ്ട്രക്ഷൻ കമ്മിറ്റി അംഗം, കോട്ടയം ബസേലിയസ് കോളജ്, പാമ്പാടി കെ ജി കോളജ് എന്നിവയുടെ ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പ്രാർത്ഥനയെ ജീവിതവ്രതമാക്കിയ താപസ ശ്രേഷ്ഠനായിരുന്നു അന്തരിച്ച കെ.വി ജോസഫ് റമ്പാൻ. ആരാധനയിലൂടെ സൗഖ്യം കണ്ടെത്തിയ വിനയ സ്വരൂപൻ. 1951ൽ വിശുദ്ധ മൂറോൻ കൂദാശയ്ക്ക് ശേഷം വിശുദ്ധ കുർബാനയർപ്പിച്ച പരിശുദ്ധ ഗീവർഗീസ് ദ്വീതീയൻ ബാവായുടെ മുഖത്തെ ദൈവീക വെളിച്ചം ദർശിച്ച ബാലൻ പരിശുദ്ധ ബാവായുടെ കൈമുത്തി ശിഷ്യനായി. 1957ൽ സെമിനാരി പഠനം പൂർത്തിയാക്കി. "എനിക്ക് പ്രായമായി നീ എന്റെ കൂടെ നിൽക്ക്" 1962ൽ പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ ബാവായുടെ കൽപ്പന ശിരസാവഹിച്ച് 1964 വരെ ശിഷ്യനായി ഒപ്പം നിന്നു. പരിശുദ്ധ ഔഗേൻ ബാവായാണ് ജോസഫിനെ പഴയ സെമിനാരിയുടെ അസിസ്റ്റന്റ് മാനേജരാക്കാൻ നിർദേശിച്ചത്. വൈദിക സെമിനാരി പഠനം കഴിഞ്ഞിട്ടും പട്ടം ഏൽക്കാതെ നിൽക്കുന്ന സന്ദർഭത്തിലായിരുന്നു ഈ സംഭവം.1966ൽ പരിശുദ്ധ ഔഗേൻ ബാവായുടെ സെക്രട്ടറി ഉപരിപഠനത്തിനായി പോകുന്ന വേളയിൽ എനിക്ക് ഒരു ശെമ്മാശനെ വേണമെന്ന് ബാവാ ആവശ്യപ്പെട്ടു. ദൈവനിയോഗം പോലെ വൈദിക വിദ്യാർത്ഥിയായ ജോസഫിന് ബാവായുടെ സെക്രട്ടറിയാകാൻ നറുക്ക് വീണു. സുറിയാനിയിലുള്ള പാണ്ഡിത്യമാണ് അന്ന് ആ പദവിക്ക് അർഹനാക്കിയത്. തുടർന്ന് വിശുദ്ധ മൂറോൻ കൂദാശയ്ക്ക് മുന്നോടിയായി ഡിസംബർ 17ന് ജോസഫ് ശെമ്മാശ്ശപട്ടമേറ്റു.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കാലത്ത് ദേവലോകം അരമന മാനേജരുടെ ചുമതല വഹിച്ചു. 1953ൽ സെമിനാരിയിൽ ചേരുന്നതിനായി പരിശുദ്ധ പാമ്പാടി തിരുമേനി കത്ത് നൽകിയപ്പോൾ ജോസഫ് എന്ന യുവാവിനോട് ഇപ്രകാരം പറഞ്ഞു. " ദൈവ സന്നിധിയിൽ ദൈവത്തിന്റെ മകനായി വളരാൻ ദൈവം സഹായിക്കട്ടെ." പാമ്പാടി തിരുമേനിയുടെ വാക്കുകൾ അക്ഷരം പ്രതി അനുസരിച്ച ജോസഫ് റമ്പാൻ തന്റെ വിശ്രമജീവിതത്തിനായി തെരഞ്ഞെടുത്തതും പാമ്പാടി മാർ കുറിയാക്കോസ് ആശ്രമമായിരുന്നു. മലങ്കരസഭയിൽ ഇത് വരെ നടന്ന വിശുദ്ധ മൂറോൻ കൂദാശകളിൽ ഒന്നൊഴികെ മറ്റെല്ലാ ശുശ്രൂഷകളിലും സംബന്ധിക്കുവാൻ ഭാഗ്യം ലഭിച്ച അപൂർവം വൈദികരിൽ ഒരാളാണ് വന്ദ്യ ജോസഫ് റമ്പാൻ.