കിഡ്നിക്ക് പ്രശ്നം ആവുന്നു എന്ന് ഡോക്ടര്‍ പറഞ്ഞത് കൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചതെന്ന് രാഹുൽ ഈശ്വർ. കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയില്‍ ഹാജരാക്കുന്നതിനു മുൻപ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം. വ്യാഴാഴ്ച രാവിലെ 11 മണി വരെ രാഹുൽ ഈശ്വറിന്റെ കസ്റ്റഡി കാലാവധി നീട്ടി.
നാല് ദിവസം വെള്ളമില്ലാതെയും അഞ്ച് ദിവസം ഭക്ഷണമില്ലാതെയു കിടന്നു. 11 ദിവസമായി താന്‍ ജയിലില്‍ കിടക്കുന്നു. സ്റ്റേഷൻ ജാമ്യം തരേണ്ട കേസാണ്. തന്നെ ഇങ്ങനെ കിടത്തേണ്ട ഒരു ആവശ്യവുമില്ല. 11 കിലോ കുറഞ്ഞു. ഞങ്ങളെ പോലുള്ളവർ കള്ളക്കേസില്‍ കുടുക്കപ്പെടുമ്പോൾ മാധ്യമങ്ങൾ പിന്തുണ നല്‍കണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നായിരുന്നു രാഹുല്‍ ഈശ്വറിനെതിരായ പരാതി. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍പോയിരുന്നു. ഈ ഘട്ടത്തിലാണ് കേസില്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ചും പരാതിക്കാരിയെ അധിക്ഷേപിച്ചും രാഹുല്‍ ഈശ്വര്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. സംഭവത്തില്‍ നവംബര്‍ 30-നാണ് പോലീസ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ്‌ചെയ്തത്. പോലീസ് വീട്ടില്‍ കസ്റ്റഡിയിലെടുക്കാന്‍ വരുന്ന രംഗങ്ങളും രാഹുല്‍ ഈശ്വര്‍ ചിത്രീകരിച്ചിരുന്നു. ഈ ദൃശ്യങ്ങളും പിന്നീട് പങ്കുവെച്ചു.
നവംബര്‍ 30-ന് അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ പിറ്റേദിവസംതന്നെ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, കോടതി ജാമ്യഹര്‍ജി തള്ളി പ്രതിയെ റിമാന്‍ഡ്‌ചെയ്തു. ഇതോടെ ജയിലില്‍ നിരാഹാരമിരിക്കുമെന്ന പ്രഖ്യാപനവുമായി രാഹുല്‍ ഈശ്വര്‍ ജയിലിലേക്ക് പോയി. തന്റേത് പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യസമരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. ജയിലില്‍ നിരാഹാരം തുടര്‍ന്നതോടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതോടെ ആഹാരം കഴിക്കാമെന്ന് സമ്മതിച്ച് രാഹുല്‍ ഈശ്വര്‍ നിരാഹാരം അവസാനിപ്പിച്ചു.