തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ തകരില്ലെന്ന് നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകയായ ടി ബി മിനി. നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ദിലീപിനെ വെറുതെ വിട്ടതിന് പിന്നാലെയാണ് മിനിക്ക് വലിയ രീതിയില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്. 

എനിക്കെതിരെ ദിലീപും സംഘവും നടത്തുന്ന സൈബർ ആക്രമണവും കൊലവിളിയും ഞാൻ ശരിയായിരുന്നു എന്ന് തെളിയിക്കുകയാണെന്നും തളരാൻ ഉദ്ദേശിക്കുന്നില്ലെന്നും മിനി എഴുതി. ദിലീപ് പീഡിപ്പിച്ചാല്‍ കുഴപ്പമില്ലെന്ന് താന്‍ പറഞ്ഞതായി ചിലയാളുകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും അതില്‍ ഒരു സത്യവും ഇല്ലെന്നും മിനി വ്യക്തമാക്കി. താന്‍ പറഞ്ഞതില്‍ നിന്ന് അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്ന വരികളാണിതെന്ന് മിനി ഫേസ്ബുക്കില്‍ കുറിച്ചു

ഈ കാലമത്രയും അതിജീവിതയ്ക്ക് വേണ്ടി പൊരുതിയ ആളാണ് പ്രോസിക്യൂഷന്‍റെ അഭിഭാഷകയായ ടി.ബി.മിനി. എട്ട് വര്‍ഷവും അതിജീവിതക്ക് വേണ്ടി വാദിക്കാന്‍ ഒരു രൂപ പോലും കൈപറ്റിയിട്ടില്ലെന്ന് മിനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിജീവിതയല്ല സര്‍ക്കാരാണ് ഇത്തരം കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കേണ്ടതെന്നും മിനി പറഞ്ഞു. അതിജീവിതക്കുവേണ്ടി വക്കാലത്ത് ഇടാന്‍ പോലും കേരളത്തിലെ അഭിഭാഷകര്‍ തയാറായില്ലെന്നും അങ്ങനെയാണ് താന്‍ ഈ കേസ് ഏറ്റെടുത്തതെന്നും മിനി വ്യക്തമാക്കിയിരുന്നു. പറവൂർ പീഡന കേസിലും സൂര്യനെല്ലി കേസിലും പെരുമ്പാവൂര്‍ ജിഷ വധക്കേസിലും പ്രോസിക്യൂഷന് വേണ്ടി ഹാജരായത് അഡ്വ.ടി.ബി.മിനി ആയിരുന്നു.