നടി ആക്രമിക്കപ്പെട്ട ദിവസം തന്‍റെ വീട്ടില്‍ നടന്ന സംഭവങ്ങളെ പറ്റി പറഞ്ഞ് നടനും സംവിധായകനുമായ ലാല്‍. നടി വീട്ടിലെത്തി നടന്ന കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ പ്രതികളെ കൊന്നുകളയണം എന്നാണ് തോന്നിയതെന്ന് ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണണെന്ന് പ്രാര്‍ത്ഥിച്ചിരുന്നു. ശിക്ഷിക്കപ്പെടുന്നു എന്ന് കണ്ടപ്പോള്‍ സന്തോഷമായെന്നും ലാല്‍ പറഞ്ഞു. സംഭവം നടന്ന ദിവസം ഡിജിപിയായിരുന്ന ബഹ്റയെ ആദ്യം വിളിച്ചത് താനാണെന്നും ലാല്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട ദിവസം നടി ആദ്യമെത്തിയത് ലാലിന്‍റെ വീട്ടിലാണ്.
കേസില്‍ തനിക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും കേസ് സുപ്രീംകോടതിയിലേക്ക് പോവുകയാണെങ്കില്‍ അവിടെ ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും ചെയ്യുമെന്നും ലാല്‍ പറഞ്ഞു. ''പെണ്‍കുട്ടി അനുഭവിച്ച വിഷമവും സങ്കടവും പ്രശ്നങ്ങളും ഒക്കെ കേട്ടപ്പോൾ അതിനകത്ത് പ്രതികളായിരുന്നവരെ കൊന്നുകളയണം എന്നാണ് തോന്നിയത്. പിന്നീട് സാവകാശം ചിന്തിച്ചപ്പോള്‍ അവർക്കെല്ലാം കിട്ടാവുന്നതിന്റെ പരമാവധി ശിക്ഷ കിട്ടണം എന്ന് പ്രാർത്ഥിച്ചിരുന്നു. വിധി വന്ന് അവർ ശിക്ഷിക്കപ്പെടുന്നു എന്നു കാണുമ്പോള്‍ വിധിയില്‍ ഞാന്‍ സന്തോഷവാനാണ്'', ലാല്‍ പറഞ്ഞു.
''കേസ് തെളിയിക്കാന്‍ വേണ്ടി തന്‍റെ കയ്യിലുള്ളത് എന്തൊക്കെയാണോ അതൊക്കെ ഞാൻ ചെയ്തിട്ടുണ്ട്. അന്ന് പെണ്‍കുട്ടി വീട്ടിൽ വന്നു കഴിഞ്ഞപ്പോൾ ആദ്യം ബഹ്റ സാറിന് ഫോൺ ചെയ്ത് അറിയിക്കുന്നത് ഞാനാണ്. അല്ലാതെ അത് പിടി തോമസ് ഒന്നുമല്ല. ഞാനാണ് വിളിച്ചു പറഞ്ഞത്. അതിനൊക്കെ ശേഷമാണ് പിടി തോമസും കാര്യങ്ങളും ഒക്കെ വന്നത്. മാർട്ടിൻ എന്ന ഡ്രൈവറെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണമെന്നും അവന് നല്ല വേദനയുണ്ടെന്നും പിടി തോമസ് സാര്‍ പറഞ്ഞപ്പോള്‍ എനിക്ക് അവനില്‍ സംശയമുണ്ടെന്നാണ് ഞാന്‍ പറഞ്ഞത്. അതിനു ശേഷം പൊലീസ് ഓഫീസർ വന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞതിന് ശേഷമാണ് അവനെ വണ്ടിയിലേക്ക് കയറ്റി കൊണ്ടുപോയത്. അത് ചെയ്തത് വലിയ കാര്യമാണെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. കാരണം അതിൽ നിന്നായിരുന്നു എല്ലാ കാര്യങ്ങളുടെ തുടക്കം'' ലാല്‍ പറഞ്ഞു.
''ഇപ്പോള്‍ വന്ന വിധി ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ ഞാന്‍ ആളല്ല. എന്തുകൊണ്ടാണ് വിധി എന്നും എനിക്ക് അറിയില്ല. വിധിയുടെ പകർപ്പ് കിട്ടിയിട്ടില്ല. (ദിലീപ്) കുറ്റവാളിയേ അല്ല എന്ന അർഥത്തിലാണോ അല്ലെങ്കിൽ തെളിവുകൾ പൂർണമായും ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ള അർഥത്തിലാണോ എന്നും അറിയില്ല. അത് അറിയാത്തിടത്തോളം കാലം ഊഹാപോഹ കഥകൾ പറയാൻ ഞാൻ ആളല്ല. ഈ വിധിക്കു ശേഷം ഞാൻ അവരെ (നടിയെ) വിളിച്ചിട്ടില്ല. എനിക്ക് വലിയ ബുദ്ധിമുട്ടാണ്. ഞാൻ വലിയ കൺഫ്യൂഷനിലും ടെൻഷനിലും സമാധാനക്കേടിലും ആണ്. സന്തോഷിക്കണോ സങ്കടപ്പെടണോ ഒന്നും അറിയാൻ പാടില്ലാത്ത അവസ്ഥയിലാണ്'', എന്നും ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.