tb-mini-2

വിചാരണക്കോടതി ജഡ്ജിയുടെ പരസ്യവിമര്‍ശനത്തിനെതിെര പീഡനക്കേസിലെ അതിജീവിതയായ നടിയുടെ അഭിഭാഷക ടി.ബി.മിനി ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. ജ‍ഡ്ജി പരസ്യമായി അപമാനിച്ചെന്നും ഇത് പതിവ് രീതിയെന്നും ഹര്‍ജിയില്‍ മിനി ആരോപിച്ചു. 

വിചാരണക്കോടതി ജഡ്ജിയുടെ വിമര്‍ശനം ഇങ്ങനെ 

‘‘വിചാരണഘട്ടത്തിൽ 10 ദിവസത്തിൽ താഴെ മാത്രമാണു കോടതിയിൽ എത്തിയത്. എത്തുന്ന ദിവസങ്ങളിൽ അരമണിക്കൂറിൽ താഴെ മാത്രമാണ് ഇരിക്കാറുള്ളത്. ആ സമയം ഉറങ്ങും. എന്നിട്ടാണു കോടതി അതു കേട്ടില്ല, പരിഗണിച്ചില്ല എന്നെല്ലാം പറയുന്നത്’’– എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കൂടിയായ ഹണി എം.വർഗീസ് വിമർശിച്ചു. കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർ‌ജികൾ പരിഗണിച്ചപ്പോൾ ടി.ബി.മിനിക്കു പകരം ജൂനിയർ അഭിഭാഷക എത്തിയ സാഹചര്യത്തിലായിരുന്നു വിമർശനം.

Also Read: വന്നത് 10 ദിവസം; ആ സമയം ഉറക്കം; അതിജീവിതയുടെ അഭിഭാഷകയെ വിമര്‍ശിച്ച് വിചാരണക്കോടതി


എന്നാല്‍ വാസ്തവവിരുദ്ധമായ കാര്യമാണു വിചാരണക്കോടതി പറഞ്ഞതെന്നും ഹൈക്കോടതിയിൽ കേസുണ്ടായിരുന്നതിനാലാണ് വിചാരണക്കോടതിയിൽ എത്താതിരുന്നതെന്നും ടി.ബി.മിനി പ്രതികരിച്ചു. ‘‘കോടതിയിൽ കൃത്യമായി എത്താറുണ്ട്. ഉറങ്ങുകയല്ല, മറിച്ചു നടപടികൾ ശ്രദ്ധിക്കുകയാണു ചെയ്യുന്നത്.’’ ചീഫ് ജസ്റ്റിസിനും അഭിഭാഷക അസോസിയേഷനും പരാതി നൽകുമെന്നും പറഞ്ഞു. 

കേസിന്റെ വിധി വരുന്നതിനുമുൻപും അതിനുശേഷവും പൊതുവേദികളിലും മാധ്യമങ്ങളിലും ടി.ബി.മിനി വിചാരണക്കോടതിയെ വിമർശിച്ചിരുന്നു. ഒരു സാഹചര്യത്തിലും സ്വീകരിക്കാനാകാത്ത വിധിയാണെന്നായിരുന്നു മിനിയുടെ വിമര്‍ശനം.  പ്രതികളുടെ പ്രായവും സാഹചര്യവും പരിശോധിച്ച കോടതി അതിജീവിതയുടെ ഒരു സാഹചര്യവും പരിഗണിച്ചില്ല. ‘കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിനെ വിട്ടയച്ചപ്പോൾ‍ത്തന്നെ പ്രതീക്ഷ അവസാനിച്ചതാണ്.  ഇത്രയും നാൾ കോടതിയിൽ ഹാജരായിട്ടും എന്നെ കേൾക്കാൻ കോടതി തയാറായില്ല’. ഇക്കാര്യങ്ങളിലെ പ്രതിഷേധംകൊണ്ടാണ് വിധി പറയുന്ന വേളയിൽ കോടതിയിൽ ഹാജരാകാതിരുന്നതെന്നും മിനി പറഞ്ഞു. അതിജീവിതയ്ക്കു കോടതിയിൽ അപമാനം നേരിട്ടു. മെമ്മറി കാർഡ്, ഹാഷ്‌ വാല്യു എന്നിവയുമായി ബന്ധപ്പെട്ടു കോടതി എന്താണ് പറയുന്നതെന്നറിയണമെന്നും അന്ന് മിനി പറഞ്ഞു.

ENGLISH SUMMARY:

TB Mini has filed a contempt petition in the High Court against the trial court judge's public criticism. Mini alleges that the judge publicly humiliated her, and this is a common practice.