നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിട്ടയച്ച നടന്‍ ദിലീപിനെ ആഘോഷമായി സ്വീകരിച്ച് കുടുംബം. രാവിലെ കുട ചൂടി ക്യാമറക്കണ്ണുകളെയൊഴിഞ്ഞ് കാറില്‍ കയറിപ്പോയ ദിലീപ്, ആശ്വാസത്തോടെ പിരിമുറുക്കങ്ങളകന്നാണ് വീട്ടിലേക്ക് തിരികെ എത്തിയത്. ഗേറ്റ് കടന്ന് കയറി വരുമ്പോഴേക്ക് മകള്‍ ഓടിയെത്തി. മകളെ വാരിയെടുത്ത് നടന്നുകയറിയ ദിലീപിനെ കാവ്യ ചേര്‍ത്തുപിടിച്ച് ആശ്ലേഷിച്ചു. പിന്നാലെ കുടുംബാംഗങ്ങള്‍ ഓരോരുത്തരായി അടുത്തേക്ക് എത്തി സന്തോഷം പങ്കിടുകയായിരുന്നു.
ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കിയാണ് വിചാരണക്കോടതി ദിലീപ് ഉള്‍പ്പടെയുള്ള നാലു പ്രതികളെ വെറുതേ വിട്ടത്. തന്നെ കേസില്‍ കുടുക്കാനാണ് ക്രിമിനല്‍ ഗൂഢാലോചന നടന്നതെന്നായിരുന്നു കോടതി വിധിക്ക് പിന്നാലെ ദിലീപിന്‍റെ പ്രതികരണം. മുന്‍ഭാര്യയായ മഞ്ജുവിനും പൊലീസിനുമെതിരെ ഗുരുതര ആരോപണങ്ങളും ദിലീപ് ഉന്നയിച്ചു. ദര്‍ബാര്‍ ഹാളില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ മഞ്ജുവാണ് ആദ്യം ക്രിമിനല്‍ ഗൂഢാലോചനയെന്ന വാക്ക് ഉപയോഗിച്ചത്. ഇതിന് പിന്നാലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥയും ഒരു സംഘം പൊലീസുകാരും തനിക്കെതിരെ കള്ളക്കഥ മെനയുകയായിരുന്നുവെന്ന് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ ഈ കഥകള്‍ പ്രചരിപ്പിച്ചുവെന്നും തന്‍റെ കരിയറും ഇമേജും ജീവിതവും നശിപ്പിക്കാനാണ് ശ്രമിച്ചതെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമാണെന്നായിരുന്നു മന്ത്രി സജി ചെറിയാന്‍റെ പ്രതികരണം. മുഖ്യമന്ത്രിയുമായി സംസാരിച്ച് തീരുമാനമെടുത്തുവെന്നും സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്നും മന്ത്രി പി.രാജീവും പറഞ്ഞു. നിരാശാജനകമായ വിധിയെന്നും അപ്രതീക്ഷിതമല്ലെന്നുമായിരുന്നു ബീനാപോളിന്‍റെ പ്രതികരണം. അന്തിമ വിധിവരെ അതിജീവിതയ്ക്കൊപ്പം പോരാടുമെന്ന് ബി.സന്ധ്യയും പ്രതികരിച്ചു.
നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്ന് താരസംഘടനയായ അമ്മയും ദിലീപിനെ വിട്ടയച്ചതില്‍ സന്തോഷമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പ്രതികരിച്ചു. എന്നാല്‍ എന്നെന്നും അവള്‍ക്കൊപ്പമെന്നായിരുന്നു അതിജീവിതയുടെ സുഹൃത്തുക്കളായ പാര്‍വതി,റിമ, രമ്യാ നമ്പീശന്‍ എന്നിവരുടെ പ്രതികരണം.