സംസ്ഥാന സർക്കാർ നടപ്പിലാക്കിയ 'ഡിജി കേരളം' പദ്ധതി ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്ന് മന്ത്രി എംബി രാജേഷ്. ഡിജി കേരളം പദ്ധതിക്ക് എക്സലൻസ് ഇൻ ഡിജിറ്റൽ ഗവർണൻസ് എന്ന വിഭാഗത്തിൽ നാഷണൽ ഡിജിറ്റൽ ട്രാൻസ്ഫെർമേഷൻ അവാർഡ് സ്വന്തമാക്കാൻ കഴിഞ്ഞുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കോൺക്ലേവ് ആൻഡ് അവാർഡ്‌സിലാണ് ഈ പുരസ്കാരനേട്ടം. ഒഡീഷ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്റെ സഹകരണത്തോടെ ഗവ് കണക്ടും ഐ ലോഞ്ച് മീഡിയയുമാണ് കോൺക്ലേവ് സംഘടിപ്പിച്ചത്.
ഡിജി കേരളം പദ്ധതിയുടെ ഭാഗമായ ഏവരെയും ഒരിക്കൽക്കൂടി അഭിനന്ദിക്കുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് നടപ്പിലാക്കിയ ഈ പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാണ്. ഈ കാര്യം ഒരുക്കൽക്കൂടി ദേശീയതലത്തിൽ അംഗീകരിക്കപ്പെടുന്നു എന്നത് ആഹ്ലാദകരമാണ്.
സംസ്ഥാനത്ത് ഡിജി കേരളം പദ്ധതിയിലൂടെ 2187667 വ്യക്തികളാണ് പുതിയതായി ഡിജിറ്റൽ സാക്ഷരരായത്. ഡിജിറ്റൽ ഭരണരംഗത്തെ മികവിലും കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. രാജ്യത്തെ ആദ്യ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം ഒരിക്കൽക്കൂടി രാജ്യത്തിന് വഴികാട്ടുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.