സഹപ്രവർത്തക നേരിട്ട അതിക്രമത്തിന്റെ രോഷം പ്രകടിപ്പിക്കുന്ന വാക്കുകളായിരുന്നു നടൻ ദേവന്‍റേത്. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടന്ന പ്രതിഷേധത്തില്‍ സങ്കടത്തോടെ സംസാരിച്ചവര്‍ക്കിടയില്‍ വേണമെങ്കില്‍ തെരുവിലിറങ്ങുമെന്ന മുന്നറിയിപ്പോടെയാണ് ദേവന്‍ വാക്കുകള്‍ അവസാനിപ്പിച്ചത്.
Also Read: 'ആ അഗ്നിഗോളം മനുഷ്യ മനസാക്ഷി മരവിച്ചവരുടെ മുകളില്‍ ആഞ്ഞുപതിക്കും'; അന്ന് മമ്മൂട്ടി പറഞ്ഞത്
'എല്ലാവരും പറഞ്ഞു ഇവിടുത്തെ വികാരം സങ്കടമാണ്, ദുഖമാണ്. ആദ്യം കേട്ടപ്പോള്‍ എനിക്ക് തോന്നിയത് രോഷമാണ്. നാളെ നമുക്ക് എന്ത് ചെയ്യാൻ കഴിയും? എന്താ ഇതിനൊരു പരിഹാരം?' എന്നാണ് ദേവന്‍ ചോദിച്ചത്.
പ്രസംഗത്തിന്‍റെ പൂര്‍ണരൂപം,
''ഈ ഗുണ്ടാ സംസ്കാരത്തിന് എതിരെ ഇവിടെ എന്ത് ചെയ്യാൻ കഴിയും എന്നുള്ള ഒരു ചിന്ത നമുക്ക് വേണം. അല്ലാതെ നമ്മൾ എല്ലാം കൂടി അനുശോചിച്ച്, എല്ലാവരും പറയുന്നത് ഇവിടെ ഭയങ്കരമായ സങ്കടമാണ് ദുഃഖമാണ് എന്നൊക്കെയാണ്. എനിക്ക് ദുഃഖമല്ല എനിക്ക് ദേഷ്യമാണ്, രോഷമാണുള്ളത്. ആ രോഷത്തിന്റെ പ്രകടനം പ്രതികാരം ആവണം. ഇത് സിനിമക്കാരുടെ പ്രശ്നം മാത്രമല്ല.
ഞാൻ ഇങ്ങോട്ട് വരുമ്പോൾ ഒരു സ്നേഹിതൻ എന്നോട് ചോദിച്ചു, അപ്പോൾ നിങ്ങളുടെ ഒരു ഒരു നടിക്ക് പറ്റിയപ്പോഴാണ് നിങ്ങൾ എല്ലാവരും ഇറങ്ങുന്നത്. അതെ എന്റെ സഹോദരിക്ക് പറ്റിയ കൊണ്ടാണ് ഞാൻ വന്നത്, ഇവിടെ എല്ലാവരും വന്നത്. എന്റെ എന്നത് ഞാൻ വളരെ സ്പഷ്ടമായി പറയുകയാണ്. എന്‍റെ സഹോദരിക്ക് പറ്റിയ ആ ഒരു ദുരവസ്ഥയ്ക്ക് നമ്മൾ പരിഹാരം കാണണം. അല്ലാതെ ദുഃഖം ആചരിക്കാൻ വന്നവരല്ല.
നമ്മൾ എന്ത് ചെയ്യും. നമ്മുടെ സഹോദരിമാർ ഇവിടെ എന്ത് ചെയ്യണം. അതിന് ഇവിടെ പൊലീസുണ്ട്. സർക്കാരുണ്ട്. പക്ഷേ എന്തുകൊണ്ട് അവർക്ക് സാധിക്കുന്നില്ല. പൊലീസ് ഒരു ഫോഴ്സ് ആണ്. ഇപ്പോൾ നമ്മുടെ അയൽ സംസ്ഥാനത്ത് ജയലളിതയുടെ ഭരണകാലത്ത് ഗുണ്ടായിസം അവസാനിപ്പിച്ചു. വളരെ ഓപ്പണായിട്ട് അവർ പറഞ്ഞു, അന്ന് പൊലീസ് കമ്മീഷണറായ വിജയകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് ഫോഴ്‌സ് ഏഴ് ഗുണ്ടകളെ പട്ടാപകൽ വെടിവെച്ചു കൊന്നു എന്ന്. അതോപോലെ കേരളത്തിൽ ഒരു സിസ്റ്റം ഉണ്ടാകണം.
സിപംതി കൊണ്ടോ, അയ്യോ കഷ്ടമായി പോയി എന്നത് കൊണ്ട് അല്ല, നാളെ എന്ത് ചെയ്യണം. പൊലീസ് ഒരു ഫോഴ്സാണ്. അവർക്ക് തോക്ക് കൊടുക്കണം. സിസിടിവി വച്ചിട്ട് എന്തുകാര്യം. എല്ലാം നടന്നതിന് ശേഷം സിസിടിവിയിൽ കണ്ടിട്ട് എന്തുകാര്യം. അവിടെ പൊലീസുകാരുടെ സാന്നിധ്യം വേണം. അയൽ സംസ്ഥാനങ്ങളിൽ ഓരോ ജംഗഷനിലും ഒരു എസ്ഐയും നാല് കോണ്‍സ്റ്റബിള്‍മാരും ഉണ്ടാകും. തോക്കും ഉണ്ടാകും. പൊലീസിന്‍റെ അംഗസംഖ്യ കൂട്ടണം.
എനിക്ക് സങ്കടമല്ല, രോഷമാണ്. ഈ പ്രതിഷേധം പ്രതികാരമായി മാറുന്നതിന് മുൻപ്, സർക്കാറിനും പൊലീസിനും മുന്നറിയിപ്പാണ്.. നടന്നില്ലെങ്കിൽ ഞങ്ങൾ തെരുവിലിറങ്ങും.. ജയ്ഹിന്ദ്''