പെൺകുട്ടിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ലെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ, പുരുഷ കമ്മിഷൻ വേണമെന്ന് രാഹുൽ ഈശ്വറിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്നും പോസ്റ്റ്.  ഇരയെ അപമാനിച്ചതിന് ജയിലിൽ റിമാൻഡിൽ കഴിയവേയാണ് അദ്ദേഹത്തിന്റെ എഫ്ബി അക്കൗണ്ടിൽ We need men’s commission എന്ന് പോസ്റ്റ് വന്നിരിക്കുന്നത്. 

ഗോവിന്ദച്ചാമിയെക്കൂടി ടാഗ് ചെയ്യൂ എന്നാണ് ഈ പോസ്റ്റിന് താഴെ വന്ന ഒരു കമന്റ്. ഇതിന് സമാനമായി രാഹുൽ ഈശ്വറിനെതിരെ നിരവധി കമന്റുകളാണ് വരുന്നത്. കൂട്ടുകാരൻ ഉടനെ എത്തും, രണ്ടുപേരുംകൂടെ ഒരു കമ്മീഷൻ ഒക്കെ ഉണ്ടാക്കി മെല്ലെ ഇറങ്ങിയാൽ മതിയെന്നാണ് മറ്റൊരു കമന്റ്. ആണുങ്ങളെ കാര്യം നോക്കാൻ ആണുങ്ങൾക് അറിയാം, ഇനി രണ്ടുപേർക്കും ഒരുമിച്ചു നിരാഹാരം കിടക്കാം, പുരുഷ കമ്മിഷനിൽ ഗോവിന്ദച്ചാമിയെ ജഡ്ജിയാക്കണം തുടങ്ങി ട്രോളിന്റെ പെരുമഴയാണ് കമന്റ് ബോക്സിലാകെ. 

രാഹുലിന് മുന്‍കൂര്‍ ജാമ്യമില്ലെന്നും, അറസ്റ്റിനു തടസമില്ലെന്നുമാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി വിധി പുറപ്പെടുവിച്ചത്. ബലാത്സംഗത്തിനും ഭ്രൂണഹത്യയ്ക്ക് നിർബന്ധിച്ചതിനും തെളിവുണ്ടെന്ന് വാദിച്ച പ്രോസിക്യൂഷൻ ഡിജിറ്റൽ തെളിവുകളും ഹാജരാക്കിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കോടതി അധിക തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കാൻ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടത്. ഇന്ന് അത് ഹാജരാക്കുകയും അതിന്മേലുള്ള വാദം നടക്കുകയും ചെയ്തു. തുടര്‍ന്നായിരുന്നു കോടതിയുടെ വിധി. 

വിധിയ്്ക്കു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. നിലവില്‍ സസ്‌പെന്‍ഷനിലുള്ള എംഎല്‍എക്കെതിരെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. 

ENGLISH SUMMARY:

Rahul Mankootathil is in the news following a denial of anticipatory bail. The incident involves serious allegations, sparking public reactions and political consequences.