യാസിന്‍ എന്ന ബാലന്‍ സുരേഷ് ഗോപിയുടെ കട്ട ആരാധകനാണ്. എല്ലാ പിറന്നാളിനും കമ്മീഷണർ സിനിമയുടെ പശ്ചാത്തല സംഗീതം കീബോർഡിൽ വായിച്ച് ഈ കൊച്ചു ആരാധകൻ സുരേഷ് ഗോപിക്ക് അയച്ചു കൊടുക്കും. ഒടുവിൽ ആരാധന കൂടിക്കാഴ്ചയിലേക്ക് വഴി മാറി. ഭിന്നശേഷി വിദ്യാർത്ഥിയായ മുഹമ്മദ് യാസിന് ഒപ്പമായിരുന്നു നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ പ്രഭാത ഭക്ഷണം.
ന്യൂഡൽഹിയിലെ തന്റെ ഔദ്യോഗിക വസതിയിൽ വച്ച്, ഭാരത സർക്കാരിന്റെ 'ശ്രേഷ്ഠ ദിവ്യാങ് പുരസ്‌കാരം' സ്വീകരിക്കാൻ എത്തിയ യാസിനും കുടുംബത്തിനും ഒപ്പമാണ് സുരേഷ് ഗോപി പ്രഭാതഭക്ഷണം കഴിച്ച് വിശേഷം പങ്കുവച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ബി ജെ പി നേതാവ് എൻ.ഹരി യാസിന്റെ വീട്ടിൽ എത്തിയപ്പോഴാണ് സുരേഷ് ഗോപിയെ കാണണമെന്ന ആഗ്രഹം യാസിന്‍ പങ്കുവച്ചത്. ഉടനെ ഹരി വിഡിയോ കോളിൽ സുരേഷ് ഗോപിയെ വിളിക്കുകയും യാസിനെ ഡല്‍ഹിയിലേയ്ക്ക് ക്ഷണിക്കുകയുമായിരുന്നു.
സുരേഷ് ഗോപി പങ്കുവച്ച കുറിപ്പ്
സുരേഷ് ഗോപി പങ്കുവച്ച കുറിപ്പ്‘ന്യൂഡൽഹിയിലെ എന്റെ ഔദ്യോഗിക വസതിയിൽ വച്ച്, ഭാരത സർക്കാരിന്റെ 'ശ്രേഷ്ഠ ദിവ്യാങ് പുരസ്‌കാരം' സ്വീകരിക്കാൻ എത്തിയ പ്രിയപ്പെട്ട യാസിനും കുടുംബത്തിനും ഒപ്പം പ്രഭാതഭക്ഷണം കഴിച്ചു. എല്ലാ പിറന്നാളിനും എന്റെ സിനിമകളിലെ ബിജിഎമ്മുകളും ഗാനങ്ങളും കീബോർഡിൽ വായിച്ച് യൂട്യൂബിൽ ആശംസകൾ നിറയ്ക്കുന്ന ഈ കൊച്ചുമിടുക്കനെ കണ്ടുമുട്ടിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. യാസിന്റെ ജീവിതത്തിലെ വലിയൊരഭിലാഷം സഫലമാക്കാൻ സാധിച്ചത് ദൈവാനുഗ്രഹമായി കരുതുന്നു.കീബോർഡ്, ചിത്രരചന, കഥാരചന, അഭിനയം തുടങ്ങി നിരവധി മേഖലകളിൽ വിസ്മയം തീർക്കുന്ന യാസിന് എന്റെ എല്ലാവിധ സ്നേഹവും ആശംസകളും! യാസിന്റെ സംഗീതപ്രതിഭയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി, ഗമക ബോക്സ് നോട്ടേഷണൽ സിസ്റ്റത്തിൽ യാസിനെ ചേർക്കാനുള്ള വാക്കും ഈ സന്ദർശനത്തിൽ നൽകിയിട്ടുണ്ട്.ഡിസംബർ 3-ന് രാഷ്ട്രപതിയിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കുന്ന ഈ ഭിന്നശേഷി പ്രതിഭയ്ക്ക് അഭിവാദ്യങ്ങൾ!യാസിന്റെ സന്തോഷമാണ് എന്റെ ഏറ്റവും വലിയ സംതൃപ്തി! ഈ സമാഗമം സാധ്യമാക്കിയ BJP ആലപ്പുഴ മേഖല പ്രസിഡണ്ട് ശ്രീ N.Hari-ക്ക് ഹൃദയം നിറഞ്ഞ നന്ദി.ഉടൻ തന്നെ ഓച്ചിറയിലെ യാസിന്റെ വീട്ടിൽ നേരിട്ടെത്തി സ്നേഹം അറിയിക്കുന്നതാണ്.