ലൈംഗിക പീഡന പരാതിക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുങ്ങിയത് ചുവന്ന കാറിലെന്ന് നിഗമനം. ബുധനാഴ്ച മുതൽ കാർ പാലക്കാട് ഉണ്ടായിരുന്നു. രാഹുലിന്റെ പേഴ്‌സണൽ സ്റ്റാഫ്, ഡ്രൈവർ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് എസ്‌ഐടി സംഘത്തിന് നിർണായക വിവരം ലഭിച്ചത്. കാർ സഞ്ചരിച്ച വഴി കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് എസ്‌ഐടിയുടെ നീക്കം.
കാർ സ്ഥിരമായി പാലക്കാട് ഉണ്ടാകാറില്ലെന്നും, ഉടമ ആരെന്ന് അറിയില്ലെന്നും എംഎൽഎയുടെ ഓഫീസ് ജീവനക്കാർ അന്വേഷണ സംഘത്തോട് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ തമിഴ്‌നാട്ടിലേക്ക് കടന്നതായുള്ള സംശയത്തിന് പിന്നാലെ എസ്‌ഐടി സംഘം തമിഴ്‌നാട്ടിലും പരിശോധന തുടങ്ങി. രാഹുല്‍ കണ്ണാടിയിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വ്യാപൃതനായിരിക്കെയാണ് തിരുവനന്തപുരത്ത് യുവതി മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകിയത്. ഇതിന് പിന്നാലെ ഒരു ചുവന്നകാറില്‍ കയറി പോവുകയായിരുന്നു. ഈ കാർ, രാഹുലിന്റെ സുഹൃത്തായ സിനിമാ താരത്തിന്റേതാണെന്നാണ് വിവരം.
അടുത്ത കാലത്ത് രണ്ടു നടിമാര്‍ രാഹുലിന്‍റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന വീടിന്‍റെ തറക്കല്ലിടീല്‍ ചടങ്ങിനെത്തിയിരുന്നു. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുവെന്നാണ് അനൗദ്യോഗിക വിവരം. ചടങ്ങിന് നടിമാരെത്തുന്നതിന്‍റെയും സംസാരിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.