കോളജിലെ ആര്‍ട്സ് ക്ലബ് ഉദ്ഘാടനം ചെയ്തത് സെക്യൂരിറ്റി ജീവനക്കാരനും സ്വീപ്പറും ചേര്‍ന്ന്. പന്തളം എന്‍എസ്എസ് കോളജിലെ ആര്‍ട്സ് ക്ലബ്ബ് ഭാരവാഹികളാണ് വേറിട്ട ഉദ്ഘാടനം നടത്തിയത്. താരങ്ങളും എഴുത്തുകാരും വേണ്ട, കോളജിനെ സുരക്ഷിതമായി സൂക്ഷിക്കുന്ന സെക്യൂരിറ്റി രമേശന്‍ ചേട്ടനും, സ്വീപ്പര്‍ സിന്ധുച്ചേച്ചിയും ഉദ്ഘാടനം ചെയ്യട്ടെയെന്ന് കുട്ടികള്‍ തീരുമാനിച്ചു.
പ്രിന്‍സിപ്പല്‍ എം.ജി.സനല്‍കുമാറും അനുമതി നല്‍കിയതോടെ ഇരുവരും ചേര്‍ന്ന് വിളക്ക് കൊളുത്തി ക്ലബ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ശേഷം ഇരുവരേയും പൊന്നാട അണിയിച്ച് ആദരിച്ചു. കുട്ടികളോട് അത്രമേല്‍ സ്നേഹത്തോടെ ഇടപഴകുന്നവരാണ് രമേശനും സിന്ധുവും.
കുട്ടികള്‍ക്കും ഏറെ പ്രിയപ്പെട്ടവരാണ് ഇരുവരും. അവരോളം ആ കോളജിനേയും കുട്ടികളേയും സ്നേഹിക്കുന്ന മറ്റാരുണ്ട് എന്നതാണ് കുട്ടികള്‍ ചോദിക്കുന്ന ചോദ്യം.