‘മമ്മൂട്ടി’ എന്ന് തനിക്ക് പേരിട്ട സുഹൃത്തിനെ വേദിയിലേക്ക് വിളിക്കുന്ന മമ്മൂട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. എടവനക്കാട് സ്വദേശി ശശിധരനെയാണ് മമ്മൂട്ടി വേദിയിലേക്ക് വിളിച്ചു വരുത്തിയത്. മനോരമ ഹോര്‍ത്തൂസ് വേദിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ഇങ്ങനെ നാലുപേര് കാണുന്ന അവസരത്തില്‍ ഇയാളെ പരിചയപ്പെടുത്തണം എന്ന് തനിക്ക് വലിയ ആഗ്രഹം ഉണ്ടായിരുന്നുവെന്ന് പറഞ്ഞാണ് മമ്മൂട്ടി ശശിധരനെ വേദിയിലേക്ക് ക്ഷണിച്ച് എല്ലാവരെയും പരിചയപ്പെടുത്തിയത്. പുറത്തു വിടാത്ത ഒരു സർപ്രൈസായി ഇയാളെ ഒളിച്ചു വെച്ചിരിക്കുകയാണോ എന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ടെന്നും, ഈ നിമിഷം ഹോർത്തൂസിന്റെ വേദിയിലായതില്‍ സന്തോഷമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.
'മഹാരാജാസ് കോളജ് ഒരു കോളജ് മാത്രമല്ല, അതൊരു വികാരമാണ്. ഞാൻ മഹാരാജാസ് കോളജിൽ പഠിക്കാൻ വരുന്ന കാലത്ത് എന്‍റെ പേര് മുഹമ്മദ് കുട്ടി എന്നായിരുന്നു. ആ പേര് വളരെ അപരിഷ്കൃതമായി തോന്നിയതുകൊണ്ട് പരിചയമില്ലാത്ത സുഹൃത്തുക്കളോട് ഞാൻ എന്‍റെ പേര് ഒമർ ഷരീഫ് എന്നാണെന്ന് കള്ളം പറഞ്ഞിരുന്നു. എല്ലാവരും എന്നെ ഒമറേ ഒമറേ എന്നാണ് വിളിക്കുന്നത്. പക്ഷേ ഒരുദിവസം ഞാൻ കൂട്ടുകാരുമായി നടക്കുമ്പോൾ എൻറെ പോക്കറ്റിൽ നിന്ന് ഐഡന്റിറ്റി കാർഡ് താഴെ വീണുപോയി. അത് ഒരുത്തൻ എടുത്തു നോക്കിയിട്ട് എടാ നിൻറെ പേര് ഒമർ എന്നല്ല, മമ്മൂട്ടി എന്നല്ലേ എന്ന് ചോദിച്ചു.
അന്ന് മുതലാണ് ഞാൻ എൻറെ സുഹൃത്തുക്കളുടെ ഇടയിലും ഇപ്പോൾ നിങ്ങളുടെ ഇടയിലും മമ്മൂട്ടി എന്നറിയുന്നത്. പക്ഷേ പലരും ചോദിച്ചു ആരാണ് ആ മമ്മൂട്ടി എന്ന് പേരിട്ടതെന്ന്. പലരും ഞാനാണ് പേരിട്ടതെന്ന് പറഞ്ഞ് സ്വമേധയാ മുന്നോട്ടു വന്നിരുന്നു. പല ആളുകളും ഈ പേര് ഇട്ട ആളാണെന്ന് അവകാശപ്പെട്ടുകൊണ്ട് പല പത്രങ്ങളിലും എഴുതുക ഒക്കെ ചെയ്തിട്ടുണ്ട്. എന്നാല്‍ എടമനക്കാടുള്ള ശശിധരൻ ആണ് എനിക്ക് ആ പേരിട്ടത്'. – മമ്മൂട്ടി വാചാലനായി.