സ്വതന്ത്രനായി മത്സരിക്കുന്ന സിപിഎം മുൻ ഏരിയ സെക്രട്ടറിയെ സിപിഎം നേതാവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റുമായി കോൺഗ്രസ് നേതാവ് വിടി ബൽറാം. അട്ടപ്പാടി അഗളി പഞ്ചായത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി വിആര്‍ രാമകൃഷ്ണനെയാണ് സിപിഎം അഗളി ലോക്കൽ സെക്രട്ടറി എൻ. ജംഷീർ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഫോൺ സംഭാഷണം രാമകൃഷ്ണന്‍ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്.
സിപിഎമ്മിലെ സംഘടനാ തലത്തിലെ വലുപ്പം നോക്കിയാൽ ഏരിയാ സെക്രട്ടറി എന്നത് ആ പ്രദേശത്തെ പാർട്ടിയുടെ പ്രധാനപ്പെട്ട ഒരു നേതാവാണെന്ന് സംഭവത്തെ ആസ്പദമാക്കി ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു. അങ്ങനെയുള്ള ഏരിയാ സെക്രട്ടറിയായി പാർട്ടിയെ നയിച്ചിരുന്ന ഒരാളെയാണ് മത്സരിക്കാൻ നോമിനേഷൻ കൊടുത്തു എന്നതിൻ്റെ പേരിൽ പാർട്ടിയിൽ അയാളുടെ എത്രയോ ജൂനിയറായ ഇപ്പോഴത്തെ ലോക്കൽ സെക്രട്ടറി കൊല്ലുമെന്ന് നേരിട്ട് ഭീഷണിപ്പെടുത്തുന്നത്!
സ്വന്തം പാർട്ടി നേതാവിനോട് പോലും ഇതാണ് സമീപനമെങ്കിൽ പാർട്ടിക്കെതിരെ മത്സരിക്കാൻ തുനിയുന്ന മറ്റ് സാധാരണക്കാർക്കെതിരെ എന്തായിരിക്കും അവസ്ഥ എന്നത് ഊഹിക്കാവുന്നതേയുള്ളൂ.
മലപ്പട്ടത്തും ആന്തൂരിലുമൊക്കെ എന്തുകൊണ്ടാണ് എല്ലാ സീറ്റിലും മത്സരിക്കാൻ ആളുകൾ മുന്നോട്ടുവരാത്തത് എന്നത് മനസ്സിലാവുന്നുണ്ടല്ലോ അല്ലേ? ഏതായാലും കഴിഞ്ഞ തവണ അങ്ങനെ എതിരില്ലാതെ "തൊഴിലാളി വർഗ്ഗ സ്വേച്ഛാധിപത്യം" പൂത്തുലഞ്ഞ ഇടങ്ങൾ 18 ആയിരുന്നു എങ്കിൽ ഇത്തവണ അത് 9 ആയി കുറഞ്ഞിട്ടുണ്ട്. അത്രത്തോളമെങ്കിലും ജനാധിപത്യത്തിൻ്റെ കാറ്റും വെളിച്ചവും അവിടങ്ങളിലേക്ക് കടക്കുന്നുണ്ട് എന്നതാണ് ആശ്വാസം. ബാക്കിയൊക്കെ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കാണാമെന്ന് പറഞ്ഞാണ് ബൽറാം പോസ്റ്റ് അവസാനിപ്പിക്കുന്നത്.