വിവാഹദിനത്തില്‍ വാഹനാപകടത്തില്‍ നട്ടെല്ലിന് പരുക്കേറ്റ ആലപ്പുഴ സ്വദേശി ആവണിയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ഞരമ്പിനേറ്റ തകരാര്‍ പരിഹരിച്ചെന്ന് കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. സുദീഷ് കരുണാകരന്റെ നേതൃത്വത്തില്‍ രാവിലെ 9.35ന് ആരംഭിച്ച ശസ്ത്രക്രിയ ഉച്ചയ്ക്ക് 12 മണിയോടെയാണ് പൂര്‍ത്തിയായത്.
ഇന്നലെയായിരുന്നു ആവണിയുടെ വിവാഹം. അതിന്‍റെ മുന്നൊരുക്കങ്ങള്‍ക്കായി പോകുന്നതിനിടെ കുമരകത്തേക്ക് പോകുന്നതിനിടെ കാര്‍ മരത്തിലിടിക്കുകയായിരുന്നു. തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയിലെത്തിച്ച ആവണിക്ക് നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ത്തന്നെ വരന്‍ ഷാരോണ്‍ താലി ചാര്‍ത്തി. മനോരമന്യൂസ് ഈ ദൃശ്യങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു.
ആവണിക്കും ഷാരോണിനുമുള്ള വിവാഹ സമ്മാനമായി ശസ്ത്രക്രിയയും ചികിത്സയും സൗജന്യമാക്കുമെന്ന് വിപിഎസ് ലേക്‌ഷോര്‍ ആശുപത്രി മാനേജ്മെന്‍റ് അറിയിച്ചു. മാനേജിങ് ഡയറക്ടര്‍ എസ്.കെ.അബ്ദുള്ള അടങ്ങുന്ന സംഘം ആവണിയെയും കുടുംബത്തെയും സന്ദർശിച്ചു. ചേര്‍ത്തല ബിഷപ് മൂര്‍ സ്കൂള്‍ അധ്യാപികയാണ് ആവണി. ചേര്‍ത്തല കെ.വി.എം. എന്‍ജിനീയറിങ് കോളജിലെ അസിസ്റ്റന്‍റ് പ്രഫസറാണ് ഭര്‍ത്താവ് ഷാരോണ്‍.