പൊതുഗതാഗതത്തിന്‍റെ പോരായ്മകളെക്കുറിച്ച് പരാതിപ്പെടുന്നവരാണ് ഏറെപ്പേരും. കെ.എസ്.ആര്‍.ടി.സി യാത്രയെക്കുറിച്ചും പരാതിയുള്ളവരുണ്ടാകാം. എന്നാല്‍ ഇതിനെയെല്ലാം അപ്രസക്തമാക്കുന്നതാണ് ചില യാത്രക്കാര്‍ ചെയ്യുന്ന ക്രൂരതകള്‍. കഴിഞ്ഞദിവസം തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആര്‍.ടി.സിയുടെ പുത്തന്‍ എ.സി. ബസില്‍ ഉണ്ടായ സംഭവം ആരെയും രോഷം കൊള്ളിക്കും. മുന്‍സീറ്റിലിരുന്ന യാത്രക്കാരന്‍ ബസിനുള്ളില്‍ കാര്‍ക്കിച്ച് തുപ്പി. യാത്രക്കാരും ബസ് ജീവനക്കാരും ഒരുപോലെ അമ്പരന്നു. ഡ്രൈവര്‍ ബസ് നിര്‍ത്തി. വഴിയില്‍ ഇറക്കിവിടേണ്ട പരിപാടിയാണ് കാണിച്ചതെന്ന് കണ്ടക്ടര്‍. പക്ഷേ കക്ഷി ഒരു കൂസലുമില്ലാതെ കാലും നീട്ടി ഇരിപ്പുതന്നെ.
വിഷമവും ദേഷ്യവും അറപ്പുമെല്ലാം കൊണ്ട് വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു ഡ്രൈവറും കണ്ടക്ടറും. പൊന്നുപോലെ കൊണ്ടുനടക്കുന്ന പുത്തന്‍ വാഹനം. അതിലാണ് ഈ അന്യായം. പക്ഷേ ഡ്യൂട്ടിയിലായതുകൊണ്ട് വേണ്ടപോലെ പ്രതികരിക്കാന്‍ കഴിയാത്ത നിസ്സഹായതയും. ‘എന്തിനാണ് ഈ പരിപാടി കാണിച്ചത്? ഞങ്ങള്‍ എത്ര കഷ്ടപ്പെട്ടാണ് ഇത് തുടയ്ക്കുന്നതെന്നറിയാമോ? ബെംഗളൂരു വരെ വരുന്ന എല്ലാ വേസ്റ്റും ഞങ്ങള്‍ തന്നെയാണ് വാരുന്നത്. അതില്‍ ഞങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. അബദ്ധത്തില്‍ വീഴുന്നതോ ഒക്കെ ആയിരിക്കും. അത് ഞങ്ങള്‍ എടുക്കും. ഇത് പക്ഷേ മോശമാണ് കേട്ടോ, അത്രയേ പറയാനുള്ളു.’ – തിളച്ചുമറിഞ്ഞ രോഷം ഉള്ളിലടക്കി ഡ്രൈവര്‍ ആ യാത്രക്കാരനോട് പറഞ്ഞത് ഇത്രമാത്രം.
ബസില്‍ യാത്ര ചെയ്തിരുന്ന വ്ലോഗറാണ് വിഡിയോ ചിത്രീകരിച്ചത്. അത് ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാര്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചു. ‘ദീര്‍ഘദൂരയാത്രയ്ക്കിടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനോ തുപ്പാനോ ഒക്കെ തോന്നിയാല്‍ അത് ബസ് ജീവനക്കാരോട് പറയണം. അവര്‍ ബസ് നിര്‍ത്തിത്തരും. അവരും മനുഷ്യരാണ്. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ അവര്‍ക്ക് മനസിലാകും. പക്ഷേ ഇമ്മാതിരി വൃത്തികേടുകാണിക്കുന്നവരെ എന്തുപറയാന്‍...’ വിഡിയോ ചിത്രീകരിച്ച യുവാവ് പറയുന്നു.