പതിനാറുവയസുകാരനെ ഐഎസില്‍ ചേരാൻ നിർബന്ധിച്ചതിന് അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ വെഞ്ഞാറമൂട് പൊലീസ് യുഎപിഎ ചുമത്തിയ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പതിനാറുകാരന്‍ വെഞ്ഞാറമൂട് പൊലീസിന് നൽകിയ മൊഴിയിലാണ് ‍ഭയപ്പെടുത്തുന്ന കാര്യങ്ങളുള്ളത്. തീവ്രവാദവിരുദ്ധ സേനയാണ് കേസ് ഇപ്പോൾ അന്വേഷിക്കുന്നത്.

പ്രഷർ കുക്കറിൽ ബോംബുണ്ടാക്കുന്നത് പഠിപ്പിച്ചുവെന്നും ഐഎസ് തീവ്രവാദികൾ ജനങ്ങളെ ക്രൂരമായി കൊല്ലുന്ന വീഡിയോ ദൃശ്യങ്ങൾ രണ്ടാനച്ഛൻ തന്നെ സ്ഥിരമായി കാണിച്ചിരുന്നുവെന്നും കുട്ടിയുടെ മൊഴിയിലുണ്ട്. വെഞ്ഞാറമൂട് പൊലീസാണ് കുട്ടിയുടെ മൊഴി എടുത്തത്. ഷാൾ കൊണ്ട് മുഖം മറച്ച ശേഷമാണ് തന്നെയും അമ്മയെയും തീവ്രവാദ ആശയങ്ങൾ പഠിപ്പിച്ചിരുന്നതെന്ന് കുട്ടി മൊഴിയില്‍ പറയുന്നു.

തങ്ങളെ ഇവയെല്ലാം പഠിപ്പിക്കുന്ന ചിത്രങ്ങളെടുത്ത് അയാൾ മറ്റാർക്കോ അയച്ചിരുന്നുവെന്നും കുട്ടി പറയുന്നു. രണ്ടാനച്ഛന്റെ അനുജനാണ് എയർപോർട്ടിൽ കാത്തുനിന്ന് തന്നെ കല്ലമ്പലത്തുള്ള അനാഥാലയത്തിൽ എത്തിച്ചതെന്നും കുട്ടി മൊഴി നൽകി. കുട്ടിയുടെ രണ്ടാനച്ഛന്‍ 2016ല്‍ ഭീകരാക്രമണം ആസൂത്രണം ചെയ്ത കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സഹോദരനാണെന്ന് വിവരമുണ്ട്.

2016ൽ കേരളത്തിലും തമിഴ്‌നാട്ടിലും ആക്രമണം ആസൂത്രണം ചെയ്തതിന് കണ്ണൂർ കനകമലയിൽ നിന്ന് ഇയാളുടെ സഹോദരന്‍ സിദ്ദിഖി അസ്ലമിനെ എൻഐഎ പിടികൂടിയിരുന്നു. ഭീകരാക്രമണത്തിനുള്ള ആസൂത്രണത്തിന് അന്ന് എൻഐഎയുടെ കുറ്റപത്രത്തിൽ എട്ട് പേരാണ് ഉണ്ടായിരുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) പ്രകാരം സിദ്ദിഖി അസ്ലമിനെ മൂന്ന് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇന്‍റ‍ര്‍പോളിന്‍റെ സഹായത്തോടെ സൗദി അറേബ്യയിൽ നിന്ന് പിടികൂടിയ ഇയാളെ ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തിരുന്നത്.

ENGLISH SUMMARY:

ISIS recruitment Kerala is a serious issue highlighted by a recent UAPA case in Venjaramoodu. A teenager was allegedly forced to join ISIS by his mother and stepfather, with disturbing details emerging in his testimony.