TOPICS COVERED

രണ്ട്‌ പിണറായി വിജയൻ സർക്കാരുകൾ ലൈഫ്‌ പദ്ധതിയിലൂടെ നിർമാണം പൂർത്തിയാക്കിയത് 4,71,442 വീടുകൾക്കാണെന്ന് എഎ റഹിം എംപി. യുഡിഎഫ‍് 2011–16 ഭരണകാലത്ത്‌ നിർമിച്ചത്‌ 4189 വീടുകൾ മാത്രമാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. എംഎൻ ലക്ഷം വീടുകളുടെ അറ്റകുറ്റപ്പണി ഉൾപ്പെടെ കണക്കാക്കിയാണ്‌ യുഡിഎഫ്‌ 4189 വീടുകളിലേയ്‌ക്ക്‌ എത്തിയത്‌.

കോടിയേരി ബാലകൃഷ്‌ണന്റെ ചോദ്യത്തിന്‌ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി 2016 ഫെബ്രുവരി 24ന്‌ നിയമസഭയിൽ നൽകിയ മറുപടിയിലാണ്‌ യുഡിഎഫ്‌ നിർമിച്ച വീടുകളുടെ കാര്യം വ്യക്‌തമാക്കുന്നത്‌. ലക്ഷം വീട്‌ വികസനത്തിനായി പ്രത്യേക പദ്ധതികളൊന്നും നടപ്പിലാക്കുന്നില്ലെന്നും ഇ‍ൗ വീടുകളുടെ മേൽക്കൂര പുതുക്കി പണിയാൻ 772 പേർക്ക്‌ 10,000 രൂപ നൽകിയെന്നും മറുപടിയിൽ പറയുന്നുണ്ട്‌. ലക്ഷം വീടുകളുടെ പുനർനിർമാണ പദ്ധതിയിൽ 2191 വീട്‌, പത്രപ്രവർത്തക സബ്‌സിഡി അനുവദിച്ചത്‌ 74 വീട്‌, സുരക്ഷ ഭവന പദ്ധതിയിൽ 698 വീട്‌, സാഫല്യം ഭവന പദ്ധതിയിൽ 48 ഫ്ലാറ്റ്‌, മറ്റു പദ്ധതികളിലായി 406 വീട്‌ എന്നിവ നിർമിച്ചതായാണ്‌ മറുപടി.

പാർപ്പിടമില്ലാത്ത കുടുംബങ്ങളെക്കുറിച്ച്‌ ഭവന നിർമാണ വകുപ്പ്‌ വിവരശേഖരണം നടത്തിയിട്ടില്ലെന്നും 2013 നവംബർ 26ലെ ലാൻഡ്‌ റവന്യൂ കമീഷണറുടെ റിപ്പോർട്ട്‌ അനുസരിച്ച്‌ സംസ്ഥാനത്ത്‌ സ്വന്തമായി വീടില്ലാത്ത 4,70,606 കുടുംബങ്ങൾ ഉണ്ടെന്നും ഇതിൽ പറയുന്നു.

2015ൽ യുഡിഎഫ്‌ പ്രഖ്യാപിച്ച തദ്ദേശവാർഡുകളിൽ ഒരു വീട്‌ എന്ന പദ്ധതിയ്‌ക്കായി ഏത്ര രൂപ വകയിരുത്തിയെന്ന് കെ വി വിജയദാസ്‌ എംഎൽഎ നിയമസഭയിൽ ചോദിച്ചിരുന്നു. അതിന്‌ ഉമ്മൻചാണ്ടി നൽകിയ മറുപടി തുകയൊന്നും വകയിരുത്തിയിട്ടില്ല എന്നാണ്‌. ഭവന നിർമാണ പദ്ധതികൾക്കായി തുകയൊന്നും പിൻവലിച്ചിട്ടില്ലെന്നും വീടുകളുടെ നിർമാണമൊന്നും ആരംഭിച്ചിട്ടിലെന്നും മറുപടിയിലുണ്ട്‌.

എല്ലാവർക്കും അടച്ചുറപ്പുള്ള വീടെന്ന ലക്ഷ്യത്തോടെ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കുന്ന ലൈഫ്‌ ഭവനപദ്ധതി രാജ്യചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. 4,71,442 വീടുകൾ നിർമിച്ച്‌ ഇതിനകം കൈമാറി. ഒന്നേകാൽ ലക്ഷത്തോളം വീടുകൾ നിർമാണത്തിന്റെ വിവിധ ഘട്ടത്തിലാണ്‌. ഇ‍ൗ സർക്കാരിന്റെ കാലാവധി പൂർത്തിയാകുമ്പോഴേക്കും ആറ് ലക്ഷത്തോളം വീടുകൾ പൂർത്തിയാക്കും. രാജ്യത്ത്‌ ഏറ്റവും ഉയർന്ന തുക ഭവനനിർമാണത്തിന്‌ നൽകുന്നത്‌ കേരളത്തിലാണ്‌. അധികാരത്തിലെത്തിയാൽ ലൈഫ്‌ പദ്ധതി നിർത്തുമെന്നാണ്‌ 2021ൽ യുഡിഎഫ്‌ പറഞ്ഞത്‌. യുഡിഎഫ്‌ അധികാരത്തിൽ വരാതിരുന്നതിനാലാണ് രണ്ടര ലക്ഷത്തോളം പേർക്കുകൂടി വീട്‌ ലഭിച്ചതെന്നും അദ്ദേഹം അവകാശപ്പെടുന്നു. 

ENGLISH SUMMARY:

LIFE Mission achievements in Kerala demonstrate the government's commitment to housing for all. Over 4.7 lakh houses were completed under the LDF government, significantly more than the UDF's record, highlighting the impact of the LIFE Mission on affordable housing in the state.