ടാര്‍ഗറ്റ് തികയ്ക്കാനുള്ള നെട്ടോട്ടത്തില്‍ ഉറങ്ങാന്‍ കഴിയുന്നില്ലെന്നും ജോലികഴിഞ്ഞ് രാത്രി വീട്ടിലെത്തുമ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണെന്നും കൊല്ലം കടവൂരിലെ ബി.എല്‍.ഒ പൗളിന്‍ ജോര്‍ജ്. യാതൊരു പരിശീലനവും നല്‍കാതെയുള്ള സമ്മര്‍ദം താങ്ങാവുന്നതിനപ്പുറമെന്നും പരാതി. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണ ജോലിയിലെ സമ്മര്‍ദത്തിനിടെ കണ്ണൂരില്‍ ബി.എല്‍.ഒ അനീഷ് ജോര്‍ജിന്‍റെ ആത്മഹത്യയുണ്ടായിട്ടും ആദ്യഘട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള ഡിസംബര്‍ നാലെന്ന തിയതി മാറ്റില്ലെന്ന നിലപാടിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍. 

ബി.എല്‍.ഒമാരും ജീവനക്കാരുടെ സംഘടനയും എത്ര സങ്കടം നിരത്തിയാലും സമയക്രമത്തില്‍ യാതൊരു മാറ്റവും വരുത്താനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നു. എന്യൂമെറേഷന്‍ ഫോം വിതരണവും, വോട്ടര്‍മാരുടെ വിവരങ്ങള്‍ അപ് ലോഡ് ചെയ്യുന്നതിനുമുള്ള സമയം ഡിസംബര്‍ നാല് എന്നത് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. നേരത്തെ നിശ്ചയിച്ച സമയത്തില്‍ മാറ്റം വരുത്തണമെങ്കില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദേശമുണ്ടാകണമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ജില്ലാ കലക്ടര്‍മാരെ അറിയിച്ചിട്ടുള്ളത്.

 എന്യൂമെറേഷന്‍ ഫോമുകളുടെ വിതരണം തൊണ്ണൂറ്റി ആറ് ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ് കമ്മിഷന്‍റെ കണക്ക്. രണ്ട് ദിവസത്തിനുള്ളില്‍ ഇത് നൂറ് ശതമാനത്തിലേക്ക് എത്തിക്കാനാവുമെന്നും ഡിജിറ്റലൈസേഷന്‍ നിശ്ചയിച്ച സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നുമാണ് വിലയിരുത്തല്‍. കണ്ണൂരിലെ ബി.എല്‍.ഒ അനീഷ് ജോര്‍ജിന്‍റെ അത്മഹത്യയ്ക്ക് പിന്നാലെ ബി.എല്‍.ഒ മാര്‍ ജോലി പ്രതിസന്ധി തുറന്ന് പറയുന്ന സാഹചര്യത്തിലാണ് തിയതി മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിലപാട്. 

ENGLISH SUMMARY:

BLO job stress in Kerala is leading to intense pressure on election officials. The Election Commission's unwavering deadline, despite a recent suicide, highlights the urgent need for workload reassessment and support for BLOs.