സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്‍റെ ഭാഗമായി അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ മലപ്പുറത്ത് കൂടിയത് രണ്ട് ലക്ഷത്തിലേറെ വോട്ടര്‍മാര്‍. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലൊഴികെ മറ്റ് പതിനൊന്ന് ജില്ലകളിലും വോട്ടര്‍മാരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായി. മൂന്ന് ലക്ഷത്തിലേറെ വോട്ടര്‍മാരുടെ കുറവുണ്ടായ തിരുവനന്തപുരം ജില്ല പിന്‍നിരയിലൊതുങ്ങിയപ്പോള്‍ പ്രവാസി വോട്ടര്‍മാരുടെ എണ്ണത്തിലുള്ള വര്‍ധന ശ്രദ്ധേയമാണ്.
നേട്ടം മലപ്പുറത്തിനാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ പട്ടികയുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ട് ലക്ഷത്തിലേറെ വോട്ടമാര്‍ കൂടുതലായി ഇടംപിടിച്ചു. തിരുവനന്തപുരം ജില്ലയില്‍ മൂന്നേ കാല്‍ ലക്ഷത്തോളം വോട്ടര്‍മാരുടെ കുറവുണ്ടായപ്പോഴാണ് മലപ്പുറത്തിന്‍റെ മികവ്. കണ്ണൂരിലും, കാസര്‍കോട്ടും വോട്ടര്‍മാരുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ടായപ്പോള്‍ പതിനാലില്‍ പതിനൊന്ന് ജില്ലകളിലും വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞു. കൊല്ലത്ത് അറുപത്തി ഏഴായിരം, പത്തനംതിട്ട എഴുപത്തി മൂവായിരം, ആലപ്പുഴ എണ്‍പത്തി എട്ടായിരം, കോട്ടയത്ത് ഒന്നേകാല്‍ ലക്ഷം, എറണാകുളം ഒന്നേമുക്കാല്‍ ലക്ഷം, തൃശൂര്‍ ഒന്നേകാല്‍ ലക്ഷം, പാലക്കാട് എഴുപത്തി എട്ടായിരം, കോഴിക്കോട് ആയിരത്തി മുന്നൂറ്റി അറുപത്തി ഒന്‍പതും, വയനാട്ടില്‍ എഴുന്നൂറ്റി അറുപത്തി മൂന്ന് വോട്ടര്‍മാരുടെയും കുറവുണ്ടായി. മലപ്പുറത്ത് മാത്രമാണ് സ്ത്രീ വോട്ടര്‍മാരെക്കാള്‍ കൂടുതല്‍ പുരുഷ വോട്ടര്‍മാരുള്ളത്. പ്രവാസി വോട്ടര്‍മാരുടെ എണ്ണത്തിലുള്ള വര്‍ധനയും പ്രതീക്ഷ നല്‍കുന്നതാണ്. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട അന്തിമപട്ടിക പ്രസിദ്ധീകരിക്കുമ്പോള്‍ ആദ്യഘട്ടത്തിലെ ആശങ്ക ഭാഗികമായി നീങ്ങിയെന്നാണ് രാഷ്ട്രീയ നേതൃത്വവും വ്യക്തമാക്കുന്നത്.