മലപ്പുറത്ത് അർജൻ്റീനയെ തോൽപ്പിച്ച് ബ്രസീൽ. ബ്രസീലിനു വേണ്ടി സി കെ വിനീതിന്റെ നേതൃത്വത്തിലും അർജൻ്റീനക്ക് വേണ്ടി അനസ് എടത്തൊടിയയുടെ ടീമും ഏറ്റുമുട്ടിയപ്പോൾ ലോകകപ്പ് മൽസരം നേരിൽ കാണുന്ന ആവേശത്തോടെയാണ് ആരാധകർ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.
കേരളത്തിന്റെ പ്രിയ താരങ്ങൾ ഇഷ്ട ടീമുകളുടെ ജേഴ്‌സിയിൽ മൈതാനത്ത് കളം നിറഞ്ഞാടിയപ്പോൾ മലപ്പുറത്തിന്റെ ലോകകപ്പാവേശം അണപൊട്ടി. ഓരോ മുന്നേറ്റത്തിലും ആരവങ്ങളും ആർപ്പുവിളികളും ഉയർന്നു. ഏറെ നാളുകൾക്കു ശേഷം കോട്ടപ്പടി സ്റ്റേഡിയത്തിലെ ഗാലറി തിങ്ങി നിറഞ്ഞിരുന്നു. ഇന്ത്യൻ ഫുട്ബോളിലെയും ഐഎ സ്എൽ അടക്കമുള്ള ടൂർണമെന്റുകളിലെയും ഇഷ്ടതാരങ്ങൾ സൗഹൃദ മത്സരത്തിനപ്പുറം വിയർത്തു കളിച്ചു.
സൂപ്പർ താരങ്ങളായ അനസ് എടത്തൊടിക മുഹമ്മദ് റാഫി,ആഷിഖ് കുരുണിയൻ, സുശാന്ത് മാത്യു തുടങ്ങിയവർ അർജന്റീനയുടെ നിരയിലും സി കെ വിനീത്, റിനോ ആന്റോ, എം.പി.പ്രദീപ്, ടി.പി.രഹനേഷ്, മഷ്ഹൂർ ഷരീഫ് തുടങ്ങിയവർ ബ്രസീൽ നിരയിലും കളത്തിലിറങ്ങി.
അവസാന നിമിഷം വരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ 'സ്വപ്ന ഫൈന ലിൽ' നിലവിലെ ചാംപ്യൻമാ രായ 'അർജന്റീനയെ' 2-1ന് തോൽപിച്ച് 'ബ്രസീൽ' ജേതാക്കളായി.