തൃശൂര്‍ കുട്ടനെല്ലൂര്‍ സ്പോര്‍ടെക്കര്‍ ടര്‍ഫില്‍ കളിക്കുന്ന സുഹൃത്തുക്കളെ കാണാന്‍ വന്നതായിരുന്നു മുപ്പത്തിരണ്ടുകാരനായ തൃശൂര്‍ ചേര്‍പ്പ് സ്വദേശി കെ.ടി.സുബീഷ്. അപ്പോഴായിരുന്നു ടര്‍ഫിനരികില്‍ നിന്ന യുവാവ് കുഴഞ്ഞു വീണത്. തൊട്ടടുത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍. ഹൃദ്രോഗ വിഭാഗത്തിലെ ഡോക്ടര്‍മാരായിരുന്നു കൂടുതലും. ഡോ. മനോജ് രവി, ഡോ.എന്‍.അരുണ്‍, ഡോ.ശ്യാം ശങ്കര്‍ വര്‍മ, ഡോ.എം.ഷുഹൈബ്, ഡോ.മിഥുന്‍ ചാക്കോ ജോണ്‍ തുടങ്ങിയവര്‍.
യുവാവ് കുഴഞ്ഞു വീണത് കണ്ട മറ്റുള്ളവര്‍ ആശങ്കയോടെ നിന്നു. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. ഡോക്ടര്‍മാര്‍ ഉടനെ സി.പി.ആര്‍. നല്‍കി. രണ്ടു കൈകളും നെഞ്ചില്‍ ചേര്‍ത്തുവച്ച് അഞ്ചു സെന്‍റിമീറ്റര്‍ വരെ താഴ്ത്തുന്ന സി.പി.ആര്‍. ആംബുലന്‍സ് ഉടനെ വിളിച്ചു. പക്ഷേ, വരാന്‍ സമയമെടുത്തു. ഇരുപത്തിയഞ്ചു മിനിറ്റെടുത്തു ആംബുലന്‍സ് എത്താന്‍. ഈ സമയമത്രമയും സി.പി.ആര്‍. നല്‍കി. ഡോക്ടര്‍മാര്‍ മാറിമാറി സി.പി.ആര്‍. നല്‍കി. കണ്ടുനിന്നവര്‍ ഡോക്ടര്‍മാര്‍ സി.പി.ആര്‍ നല്‍കുന്നത് കണ്ട് സംശയം പ്രകടിപ്പിച്ചു.
ആംബുലന്‍സ് വന്ന ഉടനെ സുബീഷിനെ അതില്‍ കയറ്റി തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ വെന്‍റിലേറ്ററിലേക്ക് മാറ്റി. ആംബുലന്‍സിലും സി.പി.ആര്‍. നല്‍കാന്‍ രണ്ടു ഡോക്ടര്‍മാര്‍ കയറി. ഹൃദയത്തിലേയ്ക്കുള്ള രക്തക്കുഴലില്‍ തൊണ്ണൂറു ശതമാനം ബ്ലോക്ക്. കയ്യോടെ ശസ്ത്രക്രിയ നടത്തി. അച്ഛനും അമ്മയ്ക്കും ആകെയുള്ള മകനായിരുന്നു സുബീഷ്. ഡോക്ടര്‍മാരുടെ വലിയൊരു സംഘം കുഴഞ്ഞുവീണ സമയത്ത് അടിയന്തിര ചികില്‍സ നല്‍കാന്‍ ഉണ്ടായി.
‘‘ഇതു രണ്ടാം ജന്‍മമാണ്. ഞാന്‍ മരിക്കേണ്ടതായിരുന്നു. ഇത്രയും വലിയ ഡോക്ടര്‍മാര്‍ ആ സമയത്ത് അവിടെ ഉണ്ടായിരുന്നില്ലെങ്കിലോ. ചിന്തിക്കാന്‍ കഴിയുന്നില്ല‘‘. നടുക്കം വിട്ടുമാറാതെ സുബീഷ് പറഞ്ഞു. മനോരമ ന്യൂസിനോട് ഇത് സംസാരിക്കുമ്പോഴും സുബീഷ് ഡോക്ടര്‍മാരുടെ കൈകളില്‍ മുറുകെ പിടിച്ചിരുന്നു. ഡോക്ടര്‍മാരുടെ ആ കൈകള്‍തന്നെയാണ് ദൈവത്തിന്‍റെ കൈ പോലെ ആ സമയത്തു പ്രവര്‍ത്തിച്ചത്. പാതിബോധാവസ്ഥയില്‍ എത്തിയ സുബീഷ് പൂര്‍ണ ആരോഗ്യവാനായി ആശുപത്രിയുടെ പടിയിറങ്ങും ഉടനെ.