Representing File Image

വൈദ്യുതിബില്‍ അടയ്ക്കാത്തതിനു നടപടി സ്വീകരിച്ച കെഎ്ഇബിയ്ക്ക് എട്ടിന്റെ പണികൊടുത്ത് യുവാവ്. കാസര്‍കോട് കു‍ഡ്‍ലു ചൂരി കാള്യയങ്കോട്ടാണ് സംഭവം. വൈദ്യുതി ബിൽ അടയ്‌ക്കാത്തതിന് വീട്ടിലെ കണക‍്ഷൻ കെഎസ്ഇബി വിച്ഛേദിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവ് നഗരത്തിലെ 50 ട്രാൻസ്ഫോമറുകളിലെ ഫ്യൂസ് തകർത്തു. ഇതോടെ വ്യാപാര സ്ഥാപനങ്ങളിലേതുൾപ്പെടെ എണ്ണായിരത്തിലേറെ ഉപയോക്താക്കൾ 2 മണിക്കൂർ ഇരുട്ടിലായി. സംഭവത്തിനു പിന്നാലെ യുവാവ് ഒടുവിൽ പൊലീസ് പിടിയിലായി.

22,000 രൂപയായിരുന്നു യുവാവിന്റെ കഴിഞ്ഞ മാസത്തെ ബിൽ. 12ന് ആയിരുന്നു പണം അടയ്ക്കേണ്ട അവസാന തീയതി. 13ന് നെല്ലിക്കുന്ന് വൈദ്യുതി സെക‍്ഷൻ ഓഫിസിൽ നിന്ന് വിളിച്ചു. അൽപസമയം കഴിഞ്ഞപ്പോൾ വധഭീഷണിമുഴക്കി വൈദ്യുതി സെക‍്ഷൻ ഓഫിസിലെ ഫോണിലേക്ക് സന്ദേശമെത്തിയതായി കെഎസ്ഇബി അധികൃതർ പറയുന്നു. ഇന്നലെ രാവിലെയെത്തിയ ജീവനക്കാർ വീട്ടിലെ ഫ്യൂസ് ഊരുന്നതിനു പകരം തൂണിൽനിന്നുള്ള കണക്‌ഷൻ വിഛേദിച്ചു. 

വൈകിട്ട് ഒരു കുട്ടിയുമായിയെത്തിയ യുവാവ് ഭീഷണിപ്പെടുത്തുകയും പണത്തിന്റെ കെട്ടു കാണിച്ച് ബില്ലടയ്ക്കണമെന്നും പറഞ്ഞു. സമയം കഴിഞ്ഞെന്നു പറഞ്ഞപ്പോൾ ബഹളം വച്ച് ഇറങ്ങിപ്പോയതായും ജീവനക്കാർ പറയുന്നു. ഇയാൾ മടങ്ങിപ്പോയശേഷം വൈദ്യുതി മുടങ്ങിയതായി പലയിടങ്ങളിൽ നിന്നായി ഫോൺവിളിയെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പല ട്രാൻസ്ഫോമറുകളുടെയും ഫ്യൂസുകൾ ഊരിയെറിഞ്ഞതും പൊട്ടിച്ചതും കണ്ടെത്തിയത്. ഫ്യൂസ് ഊരുന്നത് നാട്ടുകാർ കാണുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു.

50ൽ ഏറെ ട്രാൻസ്ഫോമറുകളുടെ 200ൽ ഏറെ ഫ്യൂസുകളാണ് ഊരിയെറിഞ്ഞതെന്ന് കണ്ടെത്തി. ടൗൺ പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന് യുവാവിനെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. നെല്ലിക്കുന്ന് സെക‍്ഷനു പുറമേ കാസർകോട് സെക‍്ഷൻ പരിധിയിലെ തളങ്കരയിലെ ട്രാൻസ്ഫോമറുകളുടെ ഫ്യൂസും തകർത്തിരുന്നു. ഒരു ട്രാൻസ്ഫോമറിൽ ഒൻപതിലേറെ ഫ്യൂസുകളാണുള്ളത്.

ENGLISH SUMMARY:

KSEB Power Outage incident in Kasargod led to the arrest of a youth. The youth disrupted power by damaging transformer fuses after KSEB disconnected his electricity connection due to non-payment of bills.