മുട്ടക്കറിയെ സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഹോട്ടലിന്റെ അടുക്കളയില്‍ അതിക്രമിച്ചു കയറി കടയുടമയെയും ജോലിക്കാരിയെയും ആക്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ പിടിയിലായി. കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാര്‍ഡ് മരുത്തോര്‍വട്ടം കൊച്ചുവെളി വീട്ടില്‍ അനന്തു, ഗോകുല്‍ നിവാസില്‍ കമല്‍ ദാസ് എന്നിവരെയാണ് മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തത്.
ചേര്‍ത്തല പോറ്റിക്കവലയ്ക്ക് സമീപമുള്ള ഹോട്ടലില്‍ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. മുട്ടക്കറിക്ക് വിലതിരക്കിയപ്പോള്‍ 30 രൂപയാണെന്ന് ഹോട്ടല്‍ ഉടമ പറഞ്ഞു. മുട്ട മാത്രം വില ചോദിച്ചപ്പോള്‍ 20 രൂപയാണെന്നും അറിയിച്ചു. മുട്ട മാത്രം തന്ന് അതിനൊപ്പം ഗ്രേവി മതിയെന്ന് പറഞ്ഞപ്പോള്‍ ഹോട്ടല്‍ ഉടമ പ്രതികളോട് ഹോട്ടലില്‍നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞു. തുടര്‍ന്നാണ് ഹോട്ടലില്‍ ആക്രമണം ഉണ്ടായത്.
വധശ്രമത്തിനാണ് ഇരുവര്‍ക്കും എതിരെ മാരാരിക്കുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തിങ്കളാഴ്ച അറസ്റ്റ് ചെയ്ത പ്രതികളെ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ശീതള്‍ ശശിധരന്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.