മകനുമായി ബസിന് മുന്നില്‍ ചാടി പിതാവ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ അപകടം ഒഴിവായത് ബസ് ഡ്രൈവറുടെ സമയോചിത ഇടപെടല്‍ മൂലം. പത്തനംതിട്ട അടൂരില്‍ നാലുവയസുകാരനായ മകനെയും കൊണ്ടാണ് പിതാവ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ബസ് ഡ്രൈവര്‍ഇവരെ കണ്ടയുടന്‍ പെട്ടെന്ന് ബ്രേക്കിട്ടതിനാലാണ് അപകടം ഒഴിവായത്.
അവര്‍ ബസിന് മുന്നില്‍ ചാടി വീണത് ഞൊടിയിടയിലായിരുന്നുവെന്നും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്നും അടൂരിലെ ബസ് ഡ്രൈവര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 'അച്ഛനും കുഞ്ഞും വണ്ടിയുടെ താഴെപ്പെട്ടുവെന്ന് എനിക്കറിയാം. ടയര്‍ മുട്ടിയോ എന്നായിരുന്നു എനിക്ക് പേടി. ഇടത് സൈഡിലൂടെ പുള്ളി കുഞ്ഞിനെ ദേഹത്തോട് ചേര്‍ത്തുവെച്ച് വരുന്നത് കണ്ടിരുന്നു. പക്ഷേ ചാടുമെന്ന് കരുതിയില്ല. പെട്ടെന്നങ്ങ് ചാടി. പെട്ടെന്ന് ബ്രേക്കിടാന്‍ എനിക്ക് തോന്നിയത് രക്ഷയായി. വലത്തോട്ട് ബസ് മാറ്റിയില്ലായിരുന്നുവെങ്കില്‍ നേരിട്ട് വന്ന് കേറിയേനെ'. – ഡ്രൈവര്‍ പറയുന്നു.
ഇരുവര്‍ക്കും കാര്യമായ പരുക്കുകളില്ല. ഭാര്യയെ കാണാതായതിലുള്ള വിഭ്രാന്തിയില്‍ ആത്മഹത്യശ്രമം നടത്തുകയായിരുന്നുവെന്നാണ് വിവരം.തിരക്കേറിയ റോഡിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭാര്യയുമായി ആശുപത്രിയിൽ എത്തിയതായിരുന്നു ഇയാള്‍. ബസ് ഡ്രൈവറുടെ അസാമാന്യമായ മനസ്സാന്നിധ്യമാണ് രണ്ട് ജീവനുകൾ രക്ഷിച്ചത്.