ഭര്‍തൃ പീഡനത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ആലപ്പുഴയില്‍ ജീവനൊടുക്കിയ രേഷ്മയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. മാനസികമായി ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നതിന്‍റെ ഭര്‍ത്താവില്‍ നിന്ന് സ്നേഹം കിട്ടാതെ പോയതിന്‍റെയും വിഷമമാണ് ഏഴു പേജോളം നീളുന്ന ആത്മഹത്യാക്കുറിപ്പില്‍ രേഷ്മ പറയുന്നത്. തന്‍റെ മരണത്തിന് അമ്മായിയച്ഛനും അമ്മായിയമ്മയും സുജിതയുമാണ് ഉത്തരവാദികളെന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ട്. തന്‍റെ ഗര്‍ഭത്തിനുത്തരവാദി ഭര്‍ത്താവിന്‍റെ അച്ഛന്‍ ആണെന്ന് അയാള്‍ അവകാശപ്പെട്ടപ്പോള്‍ ഭര്‍ത്താവ് എതിര്‍ത്തില്ലെന്നും രേഷ്മ വേദനയോടെ എഴുതുന്നു.
ഭര്‍ത്താവിനായി രേഷ്മ എഴുതിയ കുറിപ്പിങ്ങനെ...: അജിത്തേട്ട, എന്നെക്കാള്‍ ഉപരി ഞാന്‍ നിങ്ങളെ സ്നേഹിച്ചു. എന്തിനാടെ മനസില്‍ ഒരു തരി സ്നേഹം പോലുമില്ലാതെ എന്‍റെ കൂടെ ഈ അഞ്ചര വര്‍ഷം ജീവിച്ചത്. എന്‍റെ ബലഹീനത നിങ്ങളും അംബ്രുവും ആണെന്ന് നിങ്ങള്‍ക്ക് നല്ലത് പോലെ അറിയാമായിരുന്നു. മദ്യപിച്ച് വരുമ്പോള്‍ എന്‍റെ ശരീരം നിങ്ങള്‍ക്ക് ആവശ്യമായിരുന്നു. അപ്പോഴും എന്‍റെ മനസ് നിങ്ങള്‍ അറിഞ്ഞില്ല. എന്‍റെ പ്രശ്നങ്ങള്‍ മനസിലാക്കാനോ, കേള്‍ക്കാനോ തയാറായില്ല. ഞാന്‍ പറഞ്ഞിട്ടും കേള്‍ക്കാത്തമട്ടയിരുന്നു. ഞാന്‍ നിങ്ങളെ കുറ്റപ്പെടുത്തുകയില്ല. എല്ലാം എന്‍റെ തെറ്റാണ്. എന്‍റെ പ്രശ്നങ്ങള്‍ നിര്‍ത്തിക്കേള്‍പ്പിക്കണമായിരുന്നു. ഞാന്‍ അത് ചെയ്തില്ല. അവിടെ വഴക്കുകള്‍ ഉണ്ടാക്കേണ്ട എന്ന് കരുതി.. നിങ്ങളുടെ സ്നേഹം എനിക്ക് നഷ്ടമാകും എന്ന് പേടിച്ചു.
നിങ്ങള്‍ എന്നില്‍ നിന്നും അകന്ന് മാറുകയാണ് എന്ന് അറിഞ്ഞില്ല. ഞാന്‍ നിങ്ങളെ സ്നേഹിച്ചു. പക്ഷേ എന്‍റെ കുഞ്ഞിന്‍റെ പിതൃത്വം ചോദ്യം ചെയ്തപ്പോള്‍ നിങ്ങള്‍ മിണ്ടിയില്ല. ഒന്നും തന്നെ ... അപ്പോഴും ഞാന്‍ തെറ്റു ചെയ്തവള്‍. മനസില്‍ ഇഷ്ടപ്പെട്ട ആളെ വിവാഹം ചെയ്ത് സന്തോഷത്തോടെ ജീവിക്കും. നമ്മുടെ മകന്‍ നിങ്ങള്‍ക്ക് ഒരു ബാധ്യതയാകുകയില്ല.
ചേട്ടത്തിയെയും കുട്ടികളെയും ഉപേക്ഷിക്കാന്‍ ഞാന്‍ പറഞ്ഞില്ല. പക്ഷേ നിങ്ങള്‍ പറഞ്ഞു, എന്നെ ഉപേക്ഷിച്ചാലും അവരെ ഉപേക്ഷിക്കത്തില്ലെന്ന്... അപ്പോഴും ഞാന്‍ മനസിലാക്കിയില്ല, ഞാന്‍ ഒരു ബാധ്യതയാണെന്ന്.. പക്ഷേ ഐ ലവ് യൂ മനുഷ്യാ.. ഐ ലവ് യൂ...' എന്നാണ് കുറിപ്പ് അവസാനിക്കുന്നത്.
മറ്റൊരു കുറിപ്പില്‍ ഭര്‍ത്താവിന്‍റെ പരസ്ത്രീബന്ധം താന്‍ കണ്ടുപിടിച്ചിരുന്നുവെന്നും എന്നിട്ടും നന്നായി മടങ്ങി വരുമെന്ന് വിചാരിച്ച് കാത്തിരുന്നുവെന്നും രേഷ്മ എഴുതിയിട്ടുണ്ട്. വിവാഹത്തിന് സ്ത്രീധനമായി നല്‍കിയ 25 പവന്‍ സ്വര്‍ണമത്രയും തന്റെ സമ്മതമില്ലാതെ പണയം വച്ചുവെന്നും ആറു പവന്‍റെ താലിമാല താന്‍ 28 ദിവസം പോലും തികച്ച് ഇട്ടില്ലെന്നും രേഷ്മ എഴുതുന്നു. തന്‍റെ പേരില്‍, തന്‍റെ ആവശ്യത്തിനായല്ലാതെ നിരവധി സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പകള്‍ എടുത്തിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു.
അച്ഛനും അമ്മയും വിഷമിക്കുന്നുണ്ടെന്ന് അറിയാമെന്നും പക്ഷേ തന്‍റെ വിധി ഇതാണെന്നും മാതാപിതാക്കള്‍ക്കുള്ള കുറിപ്പില്‍ രേഷ്മ വ്യക്തമാക്കുന്നു. സ്ത്രീധനമായി നല്‍കിയ ഉരുപ്പടികളെല്ലാം തിരികെ വാങ്ങണമെന്നും മകനെ നന്നായി നോക്കണമെന്നും നന്നായി പഠിപ്പിക്കണമെന്നും വിശദീകരിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആലപ്പുഴ പുന്നപ്രയിലെ ഭര്‍തൃവീട്ടില്‍ 29കാരിയായ രേഷ്മ ജീവനൊടുക്കിയത്.