അമ്മയുടെ ചിതാഭസ്മം നിമജ്ജനം ചെയ്തതോർത്ത് വികാര നിർഭരമായ കുറിപ്പുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അമ്മയുടെ അവസാന ഭൗതിക ശേഷിപ്പും കടലിലലിഞ്ഞെന്നും തൃക്കുന്നപ്പുഴയിൽ കടലിൽ മുങ്ങുമ്പോൾ ഒരു നിമിഷം കൊണ്ട് ഒരായിരം ഓർമ്മകൾ ഹൃദയത്തിലൂടെ കടന്നു പോയെന്നും ചെന്നിത്തല കുറിക്കുന്നു. കടൽ വെള്ളത്തിൽ കണ്ണീരിന്റെ ഉപ്പാണെന്നും ചെന്നിത്തല കുറിച്ചു. ഒക്ടോബർ 20നാണ് രമേശ് ചെന്നിത്തലയുടെ അമ്മ എൻ. ദേവകിയമ്മ മരിച്ചത്.
കുറിപ്പ്
ഇന്ന് അമ്മയുടെ അവസാന ഭൗതിക ശേഷിപ്പും കടലിലലിഞ്ഞു. കലശം തിരകൾക്കു നൽകി തൃക്കുന്നപ്പുഴയിൽ കടലിൽ മുങ്ങുമ്പോൾ ഒരു നിമിഷം കൊണ്ട് ഒരായിരം ഓർമ്മകൾ ഹൃദയത്തിലൂടെ കടന്നു പോയി. ഒരു താരാട്ടിന്റെ ഈണം. ഒരായുസിന്റെ സിംഹഭാഗവും ഒപ്പമുണ്ടായിരുന്ന അമ്മയുടെ അവസാനത്തെ തിരുശേഷിപ്പാണ്. ഇനി ഓർമ്മകളുണ്ട്. അതു മതിയല്ലോ.. കടൽ വെള്ളത്തിൽ കണ്ണീരിന്റെ ഉപ്പ്. അമ്മേ... വിട ചൊല്ലുകയാണ്. ജലമായി അലിയുക. ഒരു തളിരിലയായി മുളപൊട്ടുക. ഒരു കുഞ്ഞു പൂവായി വിരിയുക ജന്മപരമ്പരകളിൽ നമ്മളിനിയും അമ്മയും മകനുമായി പിറക്കുമെന്നാശിച്ച്... ശുഭയാത്ര.