കൊച്ചി ഇടപ്പള്ളിയില്‍ കാര്‍ മെട്രോ പില്ലറില്‍ ഇടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ കാറിന്‍റെ മുന്‍ഭാഗമുള്‍പ്പെടെ തകര്‍ന്നു തരിപ്പണമായി. ആലപ്പുഴ സ്വദേശികളായ മുനീര്‍, ഹറൂണ്‍ ഷാജി എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരുടെ നില അതിഗുരുതരമായി തുടരുകയാണ്. യാക്കൂബ്, ആദില്‍ എന്നീ വിദ്യാര്‍ഥികളെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കാണ് അപകടം സംഭവിച്ചത്.
അതിദാരുണമായ അപകടമാണ് ഇടപ്പള്ളി ബാങ്ക് ജങ്ഷനില്‍ ഉണ്ടായതെന്ന് തകര്‍ന്നു തരിപ്പണമായ കാറിന്‍റെ കാഴ്ചയില്‍ തന്നെ വ്യക്തമാണ്. കാറിന്‍റെ മൂന്‍ഭാഗവും ഒരുവശവും പൂര്‍ണമായി തകര്‍ന്നു. ആലുവ ഭാഗത്തു നിന്നും വന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച ശേഷമാണ് മെട്രോ പില്ലറിലേക്ക് വന്നുകയറുന്നത്. കാറിന്റെ അലോയ് വീലടക്കം ഊരി പുറത്തേക്ക് തെറിച്ചുപോയി. മുന്‍ഭാഗമുള്‍പ്പെടെ തകര്‍ന്നിട്ടും മുന്‍വശത്തെ എയര്‍ബാഗ് പുറത്തുവന്നില്ലെന്നത് അപകടത്തിന്റെ ആഘാതം കൂട്ടി.
ഡ്രൈവര്‍ സീറ്റിലിരുന്ന വിദ്യാര്‍ഥി ഉറങ്ങിപ്പോയതോ അമിതവേഗമോ റോഡിലെ കുഴി കാണാതെ പോയതോ ആവാം അപകടകാരണമെന്നാണ് ട്രാഫിക് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. സൈലന്റ്‌സര്‍ ഉള്‍പ്പെടെ വണ്ടി മൊത്തം ആള്‍ട്ടറേഷന്‍ ആണെന്നും ട്രാഫിക് ഉദ്യോഗസ്ഥര്‍ പറയുന്നു.