പത്തനംതിട്ട തുമ്പാക്കുളത്ത് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു മരിച്ച വിദ്യാർത്ഥികൾക്ക് യാത്രാമൊഴി ചൊല്ലി നാട്. നൂറുകണക്കിന് ആൾക്കാരാണ് സ്കൂളിലും വീട്ടിലും അന്തിമോപചാരം അർപ്പിച്ചത്. ഡ്രൈവറും താനും അടക്കം എട്ടു പേരാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നതെന്ന് ചികിത്സയിലുള്ള രക്ഷിതാവ് പറഞ്ഞു.മൂന്നാം ക്ലാസുകാരി ആദിലക്ഷ്മി, നാലു വയസ്സുകാരൻ യദുകൃഷ്ണൻ എന്നിവരാണ് ഇന്നലെ അപകടത്തിൽ മരിച്ചത്.
സ്കൂളിന് സമീപത്തെ ഹാളിൽ ആയിരുന്നു ആദ്യം പൊതുദർശനം. കുഞ്ഞുങ്ങളുടെ ചലനമറ്റ ശരീരം കണ്ട് അധ്യാപകർ അടക്കം അലമുറയിട്ടു. തുടർന്ന് വീട്ടിലേക്ക് . നൂറുകണക്കിനാൾക്കാരാണ് വീട്ടിലും എത്തിയത്. കുത്തനെയുള്ള പടികളും പാറക്കെട്ടും വേരുകളും നിറഞ്ഞ പ്രദേശത്തായിരുന്നു യദുകൃഷ്ണന്റെ വീട്. ദുഷ്കരമായ ആ കയറ്റം താണ്ടിയും യദുകൃഷ്ണനെ കാണാൻ നാട് വീട്ടിലേക്ക് ഒഴുകി. ആറ് കുട്ടികൾക്കൊപ്പം ഡ്രൈവർ ഒരു അമ്മയെയും ഓട്ടോറിക്ഷയിൽ കയറ്റിയിരുന്നു. പാമ്പ് എന്നു പറഞ്ഞപ്പോഴാണ് ഓട്ടോറിക്ഷ വെട്ടിത്തിരിഞ്ഞ് താഴ്ചയിലേക്ക് വീണതെന്ന് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന രക്ഷിതാവ് രാജി അനിൽ പറഞ്ഞു. വലിയ കുട്ടികളുടെ മടിയിൽ ചെറിയ കുട്ടികളെ ഇരുത്തിയാണ് ഇത്രയും പേരെ ഓട്ടോറിക്ഷയിൽ കൊണ്ടുപോയിരുന്നത്
150 അടിയോളം ചെങ്കുത്തായ പ്രദേശത്തുകൂടി താഴ്ചയിലുള്ള തോട്ടിലേക്കാണ് ഓട്ടോറിക്ഷ വീണത്. അപകടം കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞാണ് മരിച്ച യദു കൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. കരയ്ക്ക് എടുത്തെങ്കിലേ വിശദമായ പരിശോധന സാധ്യമാകു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.