അദേഴ്​സ് സിനിമയുടെ വാർത്താ സമ്മേളനത്തിനിടെ ബോഡി ഷെയ്മിങ് നടത്തിയ യൂട്യൂബ് മീഡിയക്ക്  നടി ഗൗരി കിഷൻ ചുട്ട മറുപടി നല്‍കിയ സംഭവമാണ് സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ചാവിഷയം. ചിത്രത്തിലെ നടനോട് ഗൗരിയുടെ ഭാരത്തെ പറ്റിയാണ് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. ഇതോടെയാണ് ചോദ്യത്തെ വിമര്‍ശിച്ച് ഗൗരി രംഗത്തെത്തിയതും ആ വിഡിയോ വലിയ ചര്‍ച്ചയായതും. 

ഇന്ന് കേട്ട ഏറ്റവും ശക്തമായ വാക്കുകളാണ് ഗൗരിയുടേതെന്ന് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ മുൻ അസോ. പ്രൊഫസർ ദീപ സെയ്‌റ ഫെയ്സ്ബുക്കില്‍ കുറിച്ചു.  അവൾക്ക് വേണ്ടി സംസാരിക്കാൻ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളു.. കൂടെ ഇരുന്ന പടത്തിന്റെ ക്രൂവിൽ ഒരുത്തനു പോലും അവൾക്ക് വേണ്ടി ഒരു വാക്ക് മിണ്ടാൻ തോന്നിയില്ല. 

സിനിമയുടെ പ്രൊമോഷൻ വേദിയാണ്. യുട്യൂബർ കാർത്തിക്ക് പടത്തിലെ ഹീറോയോട് ചോദിക്കുകയാണ്, ഹീറോയിനെ എടുത്തു പൊക്കിയപ്പോൾ അവളുടെ ഭാരം എത്രായുണ്ടായിരുന്നുവെന്ന്... പോരാത്തതിന് ഇത്ര തടിയുള്ള ഉയരം കുറഞ്ഞ നായികയെ എന്തിന് തിരഞ്ഞെടുത്തുവെന്നും ഗൗരിയെന്താണ് തടി കുറയ്ക്കാത്തതെന്നും മാന്യദ്ദേഹത്തിന് അറിയണം..!  ഗൗരി അതിനോട് ഉടനെ പ്രതികരിച്ചു. 

" നിങ്ങൾ ചെയ്തത് ബോഡി ഷെയമിങ്ങ് ആണ്.. അത് തെറ്റാണ്.. നിങ്ങൾക്ക് എന്റെ ശരീരത്തെ പറ്റി എന്നോട് ചോദിക്കാം.. നിങ്ങളതിന് പകരം പടത്തിലെ ഹീറോയോടാണോ ചോദിക്കുന്നത്?എനിക്ക് ചിലപ്പോൾ ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടാകാം, മറ്റ് പല പ്രശ്നങ്ങൾ ഉണ്ടായിരിക്കാം.. അതെന്നോട് ചോദിക്കണം..." 

യുട്യൂബർക്ക്‌ ഇത് പിടിച്ചില്ല. അവൾ മാപ്പ് പറയണമെന്നായി..കൃത്യമായ മറുപടി ഗൗരി അതിനും നൽകി.. കടുകിട വിട്ടുകൊടുക്കാതെ തന്നെ...

" അല്ല, ഞാനല്ല മാപ്പ് പറയേണ്ടത്.. നിങ്ങളെന്നോടാണ് മാപ്പ് പറയേണ്ടത്.. ഞാനൊരു സ്ത്രീയായത് കൊണ്ട് ഇത്രയും പേർ വളഞ്ഞു നിന്ന് ടാർഗറ്റ് ചെയ്താൽ ഞാൻ തളരുമെന്ന് കരുതരുത്. സ്ത്രീയെ ബഹുമാനിക്കാൻ പഠിക്കണം... " 

പലപ്പോഴും കേട്ടിട്ടുള്ളതാണ്...

ഒരിക്കൽ ഒരു ഫങ്ക്ഷനിൽ വച്ച്, തടിയുള്ള ഭാര്യയെ പറ്റി ഒരു അമ്മാവൻ ഭർത്താവിനോട് പറയുന്നു " നീയല്ലേടാ കൂടെ കൊണ്ട് നടക്കേണ്ടത്, വണ്ണം കുറപ്പിക്കാനുള്ള എന്തെങ്കിലും നടപടികൾ ഇവളെകൊണ്ട് ചെയ്യിപ്പിച്ചൂടെ..." 

ഓഫീസ് ടീമിന്റെ മുന്നിൽ വച്ചു  ടീം ലീഡ് ആയ  പയ്യനോട്‌, "നിന്റെ ടീമിൽ ഒരേ ഒരു കറുത്ത പെണ്ണെ ഉള്ളല്ലോ,ബാക്കി ഒക്കെ fair ആണല്ലോ" എന്ന് പറഞ്ഞു വഷളൻ ചിരി ചിരിച്ച മാനേജറെയും ഓർമയുണ്ട്. 

ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിക്കാൻ വൈകരുത്. അത് ആണായാലും പെണ്ണായാലും.. അതിനെ ഒരിക്കലും ചെറുതായി കണ്ട് വിട്ടു കളയരുത്.. കാരണം...

സ്വന്തം ശരീരത്തെ മറ്റുള്ളവർ കളിയാക്കുന്നതിന്റെ പേരിൽ വെറുത്ത്, ആ വെറുപ്പ് അവരുടെ മുഴുവൻ ജീവിതത്തെയും ബാധിച്ച് , ഒരു ആയുഷ്കാലം മുഴുവൻ ഒന്നിനും കൊള്ളാത്തവൻ എന്നപേരും പേറിനടക്കുന്ന പതിനായിരങ്ങൾ നമുക്ക് ചുറ്റുമുള്ള നാടാണിത്!!

ക്ലാസ്സ്മുറിയ്ക്കകത്ത് "കാണാൻ കൊള്ളാത്തവൾ"ക്ക് പച്ചകുത്തിയ ഇരട്ടപ്പേരുകളുടെ നീറ്റലിൽ വിദ്യാഭ്യാസത്തെ തന്നെ വെറുത്ത് പോകുന്ന കുഞ്ഞുങ്ങളുള്ള നാട്!!

സ്വന്തം വീട്ടിൽ സഹോദരങ്ങളുമായി താരതമ്യം ചെയ്ത് ഇവൻ മാത്രമെന്താ ഇങ്ങനെ കോലംകെട്ട് പോയത്, അപ്പനും അമ്മയും വേറെയാണോ എന്ന ഉറക്കെയുള്ള തമാശ കേട്ട് പുറമെ പൊട്ടിച്ചിരിച്ച് ഉള്ളാലെ വിങ്ങിപ്പൊട്ടുന്ന യുവതയുള്ള നാട്!!

1.ബോഡി ഷെയ്മിങ് നിയമപരമായി തന്നെ തെറ്റാണ്... അപ്പോൾ അങ്ങനെ ആരെങ്കിലും പറഞ്ഞാൽ മോൾ/മോൻ അത് മൈൻഡ് ചെയ്യണ്ട എന്നല്ല പറഞ്ഞു കൊടുക്കേണ്ടത്...മറിച്ച് കൃത്യമായി ശക്തമായി അതിനോട് പ്രതികരിക്കണം എന്നാണ് പറഞ്ഞു കൊടുക്കേണ്ടത്.

2. സ്വന്തം ശരീരത്തെ കുഞ്ഞു നാൾ. മുതൽ സ്നേഹിക്കാൻ പഠിപ്പിക്കണം. കണ്ണാടിയിൽ നോക്കി സ്വയം സ്നേഹിക്കാൻ പഠിപ്പിക്കണം.രൂപത്തിൽ കാര്യമില്ല എന്ന.കളീഷേ ഡയലോഗ് ഒഴിവാക്കുക..രൂപത്തിൽ കാര്യമുണ്ട്.. നമ്മുടെ രൂപത്തെ സ്നേഹിച്ച് ,ആ രൂപത്തിന് ആത്മാവിശ്വാസത്തിന്റെ മുഖം കൊടുക്കുമ്പോഴാണ് ജീവിതത്തെ നമ്മൾ.ജയിക്കുന്നത്. 

3. ഷോൾ എടുത്തിട് മോളെ ..നാട്ടുകാരെന്ത് പറയും!" 

"നീ ഈ മുടി എന്താ ഇങ്ങനെ വെട്ടിയത്..കുടുംബക്കാര് കണ്ടാ അത് മതി മോനെ!!"

ഇതിനൊക്കെ എന്റെ ശരീരം ,എന്റെ വസ്ത്രം, എന്റെ ഇഷ്ടം... ഇത്‌ പറയാൻ ഇനിയും മടിക്കുന്നത് അപകടമാണ് മനുഷ്യരേ!! 

ഗൗരിക്ക് സോഷ്യൽ മീഡിയയിൽ ഇന്ന് ലഭിക്കുന്ന പിന്തുണ സന്തോഷം നൽകുന്നതാണ്.. കാരണം ഈ പ്ലാറ്റഫോമിലുമുണ്ട് ഇങ്ങനെ ചില മനോരോഗികൾ...സോഷ്യൽ മീഡിയയിലൂടെ ചെറിയ രീതിയിലെങ്കിലും മറ്റുള്ളവരെ, അവരുടെ ശരീരപ്രകൃതത്തിന്റെ പേരിൽ, വേഷത്തിന്റെ പേരിൽ,  മറ്റെന്തെങ്കിന്റെയെങ്കിലും പേരിൽ, കളിയാക്കി രസിക്കുന്ന വൈകൃതങ്ങളുള്ളവരോട് ....Get well soon dears!! – ദീപ കുറിച്ചു. 

ENGLISH SUMMARY:

Body shaming incidents are under increased scrutiny, especially when they target public figures. This article examines a recent incident involving actress Gouri Kishan and highlights the importance of speaking out against such behavior.