നിരത്തുകളില്‍ പാട്ടുകള്‍ പാടുന്ന ഗായകര്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ഒരു സാധാരണകാഴ്ചയാണ്. ഒന്നോ രണ്ടോ വാദ്യോപകരണങ്ങള്‍ മാത്രം ഉപയോഗിച്ച് പാട്ട് പാടുന്ന ഇവരുടെ ചുറ്റും കാഴ്ചക്കാരും ഉണ്ടാവും. കുറച്ചുകാലമായി കേരളത്തിലും ഈ പ്രവണത കാണാറുണ്ട്. പാര്‍ക്കിലും ബീച്ചിലും ട്രെയിനിലും ബസിലും എന്തിന് ട്രാഫിക് ബ്ലോക്കിക്കുകളിലും പോലും പാട്ട് സംഘങ്ങള്‍ പതിവ് കാഴ്ചയാണ്
ഇങ്ങനെയുള്ള തെരുവു പാട്ടുകാരെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഒര പ്രധാനചര്‍ച്ച. സമാധാനം ആഗ്രഹിക്കുന്ന പൊതുവിടങ്ങളില്‍ ഈ ഗായകസംഘം ശല്യങ്ങളാകുന്നു എന്നാണ് വിമര്‍ശനം. പാര്‍ക്കിലോ ബീച്ചിലോ പാട്ട് പാടുന്നതില്‍ പ്രശ്നമില്ലെന്നും ബസിലും ട്രെയിനിലും പാട്ട് പാടുന്നവര്‍ അലോസരമാകുന്നുവെന്നും പ്രതികരണങ്ങള്‍ ഉയരുന്നു. കഴിഞ്ഞ ദിവസം ഒരാള്‍ ട്രാഫിക് ബ്ലോക്കിനിടെ പാട്ട് പാടി ശല്യപ്പെടുത്തി എന്നാണ് മറ്റൊരു പരാതി. പാട്ടുകാരുടെ ചിത്രങ്ങള്‍ സഹിതമാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നത്. പാട്ട് കേള്‍ക്കേണ്ടവര്‍ ഹെഡ്സെറ്റ് ഉപയോഗിക്കണമെന്നും മറ്റുള്ളവര്‍ക്ക് ശല്യമാവരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
അതേസമയം ഇവരെ പിന്തുണക്കുന്നവരുമുണ്ട്. കലാകാരന്മാരെ അംഗീകരിക്കാന്‍ മലയാളികള്‍ക്ക് ഇന്നും മടിയാണ് എന്നാണ് ഇവരുടെ വാദം. തിരക്ക് പിടിച്ച യാത്രകള്‍ക്കിടയില്‍ സംഘം ചേര്‍ന്നുള്ള പാട്ടുകള്‍ ആസ്വദിക്കാറുണ്ടെന്നും പറയുന്നു ചില കമന്‍റുകള്‍.