ട്രെയിനില്‍ അടുത്തുവന്ന് യാത്രക്കാരന്‍ പുകവലിച്ചതിനെ ചോദ്യം ചെയ്തപ്പോഴായിരുന്നു ശ്രീക്കുട്ടിയെന്ന 19കാരിക്ക് അതിക്രൂരമായ ആക്രമണം ഏല്‍ക്കേണ്ടിവന്നത്. കേരള എക്സ്പ്രസില്‍ നിന്നും പെണ്‍കുട്ടിയെ പുറത്തേക്ക് ചവിട്ടി വീഴ്ത്തി. വര്‍ക്കലയ്ക്കടുത്തുവച്ചായിരുന്നു സംഭവം. പുകവലിച്ചുകൊണ്ട് പ്രതി സുരേഷ് അടുത്തുവന്നിരുന്നപ്പോള്‍ മാറിനിന്നില്ലെങ്കില്‍ പരാതിപ്പെടുമെന്ന് ശ്രീക്കുട്ടിയും കൂട്ടുകാരി അര്‍ച്ചനയും പറഞ്ഞു. പ്രകോപിതനായ സുരേഷ് ശ്രീക്കുട്ടിയെ ആക്രമിച്ചു. ഇതുകണ്ടു നിലവിളിച്ച അര്‍ച്ചനയേയും ഇയാള്‍ ചവിട്ടിയെങ്കിലും സുരേഷിന്റെ കാലിലും ഡോറിലും പിടിച്ചു തൂങ്ങിക്കിടന്നതിനാല്‍ രക്ഷപ്പെട്ടു.
അതേസമയം ട്രെയിനിൽനിന്നു വീണ ശ്രീക്കുട്ടിയെ അതിവേഗം കണ്ടെത്തുകയും കുറഞ്ഞ സമയത്തിനുള്ളിൽ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്ത ലോക്കോപൈലറ്റ് എൻ.വി.മഹേഷിന് അഭിനന്ദനപ്രവാഹമാണ്. കേരള എക്സ്പ്രസിൽനിന്നു പുറത്തേക്കു ശ്രീക്കുട്ടിയെ തള്ളിയിട്ട സമയം എതിർദിശയിൽ വന്ന കന്യാകുമാരി– കൊല്ലം മെമുവിലെ ലോക്കോപൈലറ്റാണു മഹേഷ്. കടയ്ക്കാവൂർ എത്തിയപ്പോഴാണു കേരള എക്സ്പ്രസിൽനിന്നു യാത്രക്കാരി താഴെ വീണെന്ന സന്ദേശം ലഭിച്ചത്. തുടർന്ന് ട്രെയിൻ വേഗം കുറച്ചാണു പോയത്.
വർക്കലയ്ക്കു സമീപം 2 ട്രാക്കുകൾക്കും ഇടയിലായി കമഴ്ന്നു രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തി. ഉടന്‍ തന്നെ ട്രെയിനിന്റെ ആദ്യ കോച്ചിൽ എടുത്തു കിടത്തി വർക്കല സ്റ്റേഷനിൽ എത്തിച്ചു. തുടർന്നാണ് ശ്രീക്കുട്ടിയെ മെഡിക്കൽ കോളജിലേക്കു മാറ്റിയത്. വധശ്രമം അടക്കം ആറ് വകുപ്പുകളാണ് സുരേഷിനെതിരെ ചുമത്തിയിരിക്കുന്നത്. നിര്‍ണായക സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്.
ഞായറാഴ്ച കോട്ടയം അതിരമ്പുഴയിലേയും നാഗമ്പടത്തേയും രണ്ട് ബാറുകളില്‍ മദ്യപിച്ച ശേഷമാണ് സുരേഷ് സുഹൃത്തിനൊപ്പം കേരള എകസ്പ്രസിന്റെ പിന്നിലെ ജനറല്‍ കോച്ചില്‍ കയറിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശ്രീക്കുട്ടിയുടെ നില മാറ്റമില്ലാതെ തുടരുകയാണ്. അണുബാധയോ മറ്റു പ്രശ്നങ്ങളോ ഇല്ലാത്തതിനാല്‍ മരുന്നുകള്‍ വേഗത്തില്‍ ഫലിക്കുമെന്നാണ് വിലയിരുത്തല്‍.