അപകടം പറ്റി കിടപ്പിലായ മകനുമായി ഒറ്റ മുറിയിൽ ജീവിതം തള്ളിനീക്കുന്ന വിധവയായ മണിയമ്മയ്ക്ക് വീട് ഒരുങ്ങുന്നു. സാമൂഹിക പ്രവർത്തകനും കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവുമായ റെജി ചെറിയാനാണ് വീട് ഒരുക്കുന്നത്. പഞ്ചായത്തോ സർക്കാരോ തിരിഞ്ഞു നോക്കാത്ത മണിയമ്മയുടെ ദുരിതം മനോരമ ന്യൂസ് വാർത്തയാക്കിയിരുന്നു.
വീടിന്‍റെ നെടുംതൂണായ മകൻ കണ്ണൻ കിടപ്പിലായതോടെയാണ് മണിയമ്മയുടെ ജീവിതത്തിന്‍റെ താളം തെറ്റിയത്. അതിദരിദ്രരില്ലെന്ന് സർക്കാർ ആവർത്തിച്ചു പറയുമ്പോഴും ഭക്ഷണം പാകം ചെയ്യാൻ പോലും കഴിയാത്ത സ്ഥിതിയിലാണ് ആസ്ത്മ രോഗിയായ മണിയമ്മ. മനോരമ ന്യൂസിലൂടെ മണിയമ്മയുടെ ദുരിതമറിഞ്ഞ റെജി ചെറിയാൻ സഹായഹസ്തവുമായി എത്തുകയായിരുന്നു.
വാർത്തയറിഞ്ഞ് പലരും സഹായവുമായി എത്തിയെങ്കിലും സർക്കാർ മണിയമ്മയെ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. എത്രയും വേഗം വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ആകുമെന്ന വിശ്വാസത്തിലാണ് മണിയമ്മ. റെജി ചെറിയാൻ ചെയർമാനായ ആർസി ചാരിറ്റബിൾ ട്രസ്റ്റാണ് വീട് നിർമ്മിച്ചു നിൽക്കുന്നത്.