മലപ്പുറം കവളപ്പാറക്കടുത്ത പാതാറില്‍ 2019ലെ പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടമായി കുടിലില്‍ കഴിയുന്ന സതീഷിനും കുടുംബത്തിനും പുതിയ വീട് ഒരുങ്ങും.കുടുംബത്തിന്‍റെ ദുരിതകഥ മനോരമ ന്യൂസ് പുറത്തു കൊണ്ടുവന്നതിനു പിന്നാലെയാണ് ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയിയുടെ നേതൃത്വത്തില്‍ വീട്ടിലെത്തി ജിദ്ദ ഒ.ഐ.സി.സി പുതിയ വീട് നിര്‍മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
കഴിഞ്ഞ ആറു വര്‍ഷമായി എല്ലാം നഷ്ടമായി പ്ലാസ്റ്റിക് ഷീറ്റുകള്‍ വലിച്ചു കെട്ടി നിര്‍മിച്ച കുടിലില്‍ കഴിയുന്ന സതീഷിനും കുടുംബത്തിനും ആശ്വാസ വാര്‍ത്തയാണ് എത്തിയത്.സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൈമലര്‍ത്തിയപ്പോള്‍ 8 ലക്ഷം രൂപ ചിലവഴിച്ച് ജിദ്ദ ഒ.ഐ.സി.സി വീട് നിര്‍മിച്ചു നല്‍കുമെന്നാണ് വി.എസ്.ജോയിയും നേതാക്കളും അറിയിച്ചത്.
വീട് നിര്‍മാണം ഉടന്‍ ആരംഭിക്കും.സതീഷും സുഗുണയും മക്കളും അടങ്ങുന്ന കുടുംബം താമസിക്കുന്ന താല്‍ക്കാലിക കുടിലിനു മുന്‍ ഭാഗത്തെ ഭൂമിയിലാണ് വീടൊരുക്കുന്നത്.
കവളപ്പാറ ദുരന്തമുണ്ടായ ദിവസം അതേ മുത്തപ്പന്‍ മലയുടെ മറുവശത്തുണ്ടായ ഉരുള്‍പൊട്ടലിലാണ് സതീഷ് അടക്കമുളള ഒട്ടേറെ പേര്‍ക്ക് വീടും ഭൂമിയും നഷ്ടമായത്.ഭൂമി വാസയോഗ്യമല്ലെന്ന് അറിയിച്ച റവന്യൂ ഉദ്യോഗസ്ഥര്‍ പകരം ഭൂമി വാങ്ങാന്‍ ഫണ്ട് അനുവദിക്കാതെ വന്നതോടെയാണ് കുടുംബം പ്രതിസന്ധിയിലായത്.