തൃശൂർ മുണ്ടത്തിക്കോട് രോഗങ്ങൾ അലട്ടുന്ന കുടുംബത്തിന് മനോരമ ന്യൂസ് വാർത്തയിലൂടെ പുതിയ വീട്. അച്ഛൻ വൃക്ക രോഗബാധിതനും, അമ്മ അർബുദരോഗിയുമായിരുന്ന ഇരുവർക്കും താങ്ങും തണലുമായി നിന്നത് വിദ്യാർഥികളായ മക്കളായിരുന്നു. വാടകവീട്ടിൽ കഴിഞ്ഞിരുന്ന ഇരുവർക്കും സ്വന്തമായി പുതിയൊരു വീടും ചികിത്സയ്ക്കായി പണവും ലഭിച്ചു. മനോരമ ന്യൂസ് ഇംപാക്ട്
കഴിഞ്ഞ ഓഗസ്റ്റ് പത്തിന് ഈ വിദ്യാർഥികളുടെ കരയുന്ന മുഖമാണ് ഞാൻ കണ്ടത്. പരാധീനതകളുടെ നടുവിലായിരുന്നു അവർ. ഇന്ന് മനസ്സു നിറഞ്ഞ് ചിരിച്ചാണ് ആ രണ്ടു കുട്ടികളും സംസാരിച്ചത്.
അച്ഛൻ രംഗൻ വൃക്ക രോഗബാധിതൻ. അമ്മ സന്ധ്യ അർബുദ രോഗി. ഇരുവർക്കും സ്വന്തമായൊരു വീടില്ലായിരുന്നു വാടകയ്ക്കായിരുന്നു താമസം. മക്കളായ അനാമികയുടെയും മാധവിന്‍റെയും പഠനം വരെ മുടങ്ങി. ഈ ദയനീയാവസ്ഥയായിരുന്നു മനോരമ ന്യൂസ് സംഘം റിപ്പോർട്ടു ചെയ്തത്. വാർത്തയിലൂടെ 13 ലക്ഷം രൂപ കുടുംബത്തിന് സഹായം ലഭിച്ചു, നാട്ടുകാരും ഒന്നിച്ചു. അങ്ങനെ ആ കുടുംബത്തിലേക്ക് പ്രകാശത്തിൻ്റെ വെളിച്ചം. പുത്തൻ വീടും, ചികിത്സ മുടങ്ങാതെ തുടരാൻ പണവും. ഇന്നീ വീട്ടിലും മനസുകളിലും ഇരുട്ടില്ല. മനുഷ്യസ്നേഹം പകർന്നു നൽകിയ വെളിച്ചമാണ് അവരെ നയിക്കുന്നത്. കാലം സൃഷ്ടിച്ച മുറിവുകൾ കാലാന്തരത്തിൽ തന്നെ ഉണങ്ങുമെന്ന പ്രതീക്ഷയാണവർക്ക്.